ബെവ്‌കോയുടെ മദ്യ പരസ്യത്തിനെതിരെ കെ.സി.ബി.സി നിയമനടപടിക്ക്

കൊച്ചി: പൊതുജനത്തെ മദ്യശാലകളിലേക്ക് ആകര്‍ഷിക്കാന്‍ അബ്കാരിച്ചട്ടം ലംഘിച്ച് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യവിഡിയോ പുറത്തുവിട്ട സംസ്ഥാന ബിവറേജസ് കോര്‍പറേഷനെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി) മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ബെവ്‌കോയുടെ നിയമലംഘനത്തിനെതിരെ നിയമനടപടികളിലേക്ക് കടക്കാനും യോഗം തീരുമാനിച്ചു.

ഒരു സ്ത്രീ ബെവ്‌കോക്കുവേണ്ടി ലൈംഗികച്ചുവയോടെ ടിക്‌ടോക് മാധ്യമം മുഖേന നടത്തുന്ന പരാമര്‍ശങ്ങളാണ് വിവാദമായത്. ‘‘കുടിക്കൂ... വരൂ... ക്യൂവിലണിചേരൂ! ആഢംബരങ്ങള്‍ക്ക് കൈത്താങ്ങാകൂ!’’ എന്ന ബെവ്കോയുടെ ലോഗോയോടുകൂടിയ പരസ്യത്തിലൂടെ മദ്യാസക്തിയെന്ന മനുഷ്യന്‍റെ ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. മദ്യനയം രൂപവത്കരിക്കാതെ നാഥനില്ലാ കളരിയാവുകയാണ് എക്‌സൈസ് വകുപ്പ്. എം.ഡി.എം.എ പോലുള്ള മാരക രാസലഹരികള്‍ സംസ്ഥാനത്ത് യഥേഷ്ടം എത്തുകയും ദുരുപയോഗം ചെയ്യപ്പെടുകയുമാണ്.

സ്‌കൂള്‍ കുട്ടികളെപ്പോലും വാഹകരും ഉപയോക്താക്കളുമായി ലഹരിമാഫിയ മാറ്റുന്നു. ഈ അവസ്ഥക്ക് സര്‍ക്കാര്‍ തടയിടണമെന്ന് യോഗം ആവശ്യപ്പെട്ടു. മദ്യവിരുദ്ധ കമീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഭാരവാഹികളായ വി.ഡി. രാജു, സി.എക്‌സ്. ബോണി, ഫാ. സണ്ണി മഠത്തില്‍, ഫാ. ആന്‍റണി അറയ്ക്കല്‍, കെ.പി. മാത്യു, അന്തോണിക്കുട്ടി ചെതലന്‍, റോയി ജോസ്, ടോമി വെട്ടിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - KCBC to take legal action against Bevco's liquor advertisement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.