കാസർകോട്: പൊതുമേഖല സ്ഥാപനമായ കെൽ-ഇ.എം.എൽ കമ്പനിയുടെ പുതുക്കിയ ധാരണപത്രവും ജീവനക്കാർ തള്ളി. പഴയ ധാരണപത്രത്തിലെ വിവാദ വ്യവസ്ഥകൾ അതേപടി തുടരുന്നുവെന്ന് ആരോപിച്ചാണ് ജീവനക്കാരുടെ നടപടി. വ്യവസായ വകുപ്പും ജീവനക്കാരും തമ്മിൽ ധാരണയിലെത്താൻ കഴിയാത്തതിനാൽ കമ്പനി തുറക്കുന്നത് അനിശ്ചിതമായി നീളുകയാണ്.
ജീവനക്കാർക്ക് 15,000 രൂപ ശമ്പളം കണക്കാക്കി പി.എഫ് വിഹിതം അടക്കുമെന്ന വിവാദ നിർദേശം നീക്കിയതാണ് പുതുക്കിയ ധാരണപത്രത്തിലെ കാര്യമായ മാറ്റം. പെൻഷൻ പ്രായം, ശമ്പള കുടിശ്ശിക, ശമ്പള പരിഷ്കരണം തുടങ്ങിയ കാര്യങ്ങളിലൊന്നും മാറ്റം വരുത്തിയിട്ടില്ല. അതിനാൽ പുതിയ ധാരണപത്രത്തിലും ഒപ്പിടാനാവില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. ഇതുസംബന്ധിച്ച് ബുധനാഴ്ച ബദ്രഡുക്കയിലെ കമ്പനി ഹാളിൽ നിശ്ചയിച്ച യോഗത്തിൽ ജീവനക്കാർ പങ്കെടുക്കില്ല. കെൽ യൂനിറ്റിന്‍റെ അനുബന്ധ കമ്പനിയാക്കി 'കെൽ ഇ.എം.എൽ' പ്രഖ്യാപിച്ചതുമുതൽ ജീവനക്കാർ അസ്വസ്ഥരാണ്.
പുതിയ കമ്പനിയെന്ന നിലക്ക് പുതിയ വ്യവസ്ഥകളുമായി ധാരണപത്രം തയാറാക്കിയതോടെ എതിർപ്പ് പരസ്യമായി. കമ്പനി പ്രവർത്തിച്ചിരുന്ന 2020 മാർച്ച് 31വരെയുള്ള ശമ്പള കുടിശ്ശിക, പൂട്ടിയ വേളയിലെ ശമ്പളം, പതിറ്റാണ്ടുകൾക്കുമുമ്പുള്ള ശമ്പള സ്കെയിൽ, വിരമിക്കൽ പ്രായം തുടങ്ങിയ വിഷയങ്ങളിലാണ് തർക്കം. കമ്പനി പ്രവർത്തിച്ച് മൂന്നുവർഷം കഴിഞ്ഞശേഷം ശമ്പള പരിഷ്കരണം എന്ന വ്യവസ്ഥ ജീവനക്കാർ തള്ളി. ശമ്പളത്തിന്റെയും കുടിശ്ശികയുടെയും കാര്യത്തിലും കൃത്യമായി ഒന്നുമില്ല. ഭെൽ ഏറ്റെടുത്തശേഷം പെൻഷൻ പ്രായം 60 ആക്കിയത് ധാരണപത്രത്തിൽ 58 ആക്കിയതും ജീവനക്കാരുടെ ഉടക്കിനിടയാക്കി.
പൊതുമേഖല സ്ഥാപനമായ കമ്പനിയിൽ 29000 രൂപയാണ് ഏറ്റവും ഉയർന്ന ശമ്പളം. പതിറ്റാണ്ടുകൾക്കു മുമ്പുള്ള ഈ സ്കെയിലിൽ കമ്പനി തുറക്കുംമുമ്പ് ധാരണയാക്കണമെന്നാണ് യൂനിയനുകളുടെ നിലപാട്. കേന്ദ്രസർക്കാർ വിൽപനക്കുവെച്ച ഭെൽ ഇ.എം.എൽ കമ്പനിയാണ് സർക്കാർ ഏറ്റെടുത്തത്. അടച്ചിട്ട കമ്പനി കേരളപ്പിറവി ദിനത്തിൽ തുറക്കുക ലക്ഷ്യമിട്ട് ജീവനക്കാരുടെ ശമ്പളത്തിനും കമ്പനി നവീകരണത്തിനുമായി 77 കോടിയുടെ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. കമ്പനി തുറക്കാൻ കേരളപ്പിറവി ദിനം, പുതുവത്സര ദിനം, ഫെബ്രുവരി 15 എന്നിങ്ങനെ ദിവസങ്ങൾ നിശ്ചയിച്ചെങ്കിലും തീരുമാനം വൈകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.