കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലായി ഡോ. കെ.കെ. മുബാറക്കിനെത്തന്നെ നിയമിക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവ്. നിലവിൽ വയനാട് മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് ഡോ. മുബാറക്.
കഴിഞ്ഞ ഏപ്രിലിൽ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഒഴിവിലേക്ക് അദ്ദേഹം അപേക്ഷ നൽകിയെങ്കിലും ഡോ. ഇ.വി. ഗോപിയെയാണ് സർക്കാർ പരിഗണിച്ചത്. തുടർന്നാണ് ഡോ. മുബാറക് ട്രൈബ്യൂണലിനെ സമീപിച്ചത്.
മാനദണ്ഡങ്ങൾ പാലിച്ചല്ല ഇ.വി. ഗോപിയെ നിയമിച്ചതെന്നായിരുന്നു മുബാറക്കിന്റെ വാദം. ഇത് ട്രൈബ്യൂണൽ ശരിവെക്കുകയായിരുന്നു. ഇനി നാലുമാസം കൂടിയേ ഡോ. മുബാറക്കിന് സർവിസ് ഉള്ളൂ.
വയനാട് മെഡിക്കൽ കോളജിൽ മറ്റെല്ലാ വിഭാഗങ്ങളിലെ ഡോക്ടർമാർക്കും സ്ഥലംമാറ്റം നൽകിയെങ്കിലും കോളജ് നിർമാണം നടക്കുന്ന സമയമാണെന്ന് കാണിച്ച് മുബാറക്കിന്റെ അപേക്ഷ സർക്കാർ നിരസിക്കുകയായിരുന്നു. അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീമിന്റേതാണ് ഉത്തരവ്.
ഉത്തരവ് കൈപ്പറ്റി രണ്ടാഴ്ചക്കകം നിലവിലെ പ്രിൻസിപ്പൽ മാറി ഡോ. മുബാറക്കിനെ നിയമിക്കണം. ഹരജിക്കാരനുവേണ്ടി അഭിഭാഷകരായ മുഹമ്മദ് വി.എ, സജ്ജാദ് എം, മുഫീദ് എം.കെ, ഷാജഹാൻ റാവുത്തർ എന്നിവർ ഹാജരായി.
കോഴിക്കോട് മെഡിക്കൽ കോളജ് അനസ്തേഷ്യോളജി വിഭാഗം മേധാവിയായിരുന്ന ഡോ. കെ.കെ. മുബാറക് തൃശൂർ മെഡിക്കൽ കോളജിലും സേവനമനുഷ്ഠിച്ചിരുന്നു. പ്രശസ്ത ഇന്ത്യൻ ജേണൽ ആയ അനസ്തേഷ്യ ആൻഡ് അനഗേസ്യയുടെ ചീഫ് എഡിറ്ററായും ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ്സ് തൃശൂർ, കോഴിക്കോട് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.