കാര്‍ഷിക സര്‍വകലാശാലാ അധ്യാപകരുടെ വിരമിക്കല്‍ തീയതി നീട്ടിയ മുന്‍ സര്‍ക്കാറിന്‍െറ ഉത്തരവ് റദ്ദാക്കി

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ അധ്യാപകര്‍ക്ക് വിരമിക്കല്‍ പ്രായം കഴിഞ്ഞും സര്‍വിസില്‍ തുടരാന്‍ അനുമതി നല്‍കി മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ഇറക്കിയ ഉത്തരവ്  സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ അനര്‍ഹമായി സര്‍വിസില്‍ തുടരാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം അധ്യാപകരും അവര്‍ക്ക് വഴിവിട്ട് സഹായം നല്‍കിയ അധികൃതരും നടത്തിയ ഒത്തുകളി പൊളിഞ്ഞു. സര്‍വകലാശാലാ നിയമത്തിന് വിരുദ്ധമായ ഉത്തരവ് റദ്ദാക്കിയതുവഴി 30ഓളം അധ്യാപകര്‍ അനധികൃതമായി കൈപ്പറ്റിയ സാമ്പത്തിക ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കേണ്ടി വരും. മാത്രമല്ല,  സര്‍വകലാശാലക്ക് ഒന്നര കോടിയോളം രൂപയുടെ അധികച്ചെലവ് ഒഴിവാക്കാനും കഴിയും.

എന്നാല്‍, പുതിയ ഉത്തരവ് സര്‍വകലാശാലാ അധികൃതര്‍ പൂഴ്ത്തിയിരിക്കുകയാണ്. അധ്യാപകര്‍ക്ക് അനുകൂലമായ ഓരോ ഉത്തരവും തത്സമയം നടപ്പാക്കുന്ന സര്‍വകലാശാല പുതിയ ഉത്തരവില്‍ ആഴ്ചകളായിട്ടും നടപടി സ്വീകരിച്ചിട്ടില്ല. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഭരണസമിതി യോഗത്തിലും വിഷയം അവതരിപ്പിച്ചില്ല.  അധ്യാപകരില്‍ ചിലരെ വിരമിച്ചശേഷവും സര്‍വിസില്‍ തുടരാന്‍ സഹായിക്കുന്നതിന് സര്‍വകലാശാലാ അധികൃതര്‍ ശ്രമിക്കുന്നുവെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു.

വിരമിക്കല്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കിയ, പ്രോ -ചാന്‍സലര്‍ കൂടിയായ കൃഷിമന്ത്രിയുടെ അധികാരം ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിക്കാന്‍ ചില അധ്യാപകര്‍ക്ക് സഹായകമായതും സര്‍വകലാശാലാ അധികൃതരുടെ ഈ നിലപാടാണ്. ഭരണപക്ഷത്തുനിന്നുപോലും സമ്മര്‍ദമുണ്ടായിട്ടും കൃഷിമന്ത്രി സ്വീകരിച്ച നിലപാടിന്‍െറ സാധൂകരണവും തുടര്‍ച്ചയും കൂടിയാണ് പുതിയ ഉത്തരവ്. അത് നടപ്പാക്കുന്നത് സര്‍വകലാശാല എത്രത്തോളം വൈകിപ്പിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

 

Tags:    
News Summary - kerala agricultural university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.