ആലപ്പുഴ: ബൈപ്പാസ് ഉദ്ഘാടന വേദിയിൽ കോൺഗ്രസിനെ വിമർശിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. കേരളത്തിലും കേന്ദ്രത്തിലും ഒരുമിച്ച് ഭരിച്ചപ്പോൾ നടപ്പാക്കാൻ കഴിയാത്തവരാണ് ഇവിടെ വന്ന് പ്രതിഷേധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'പദ്ധതി പൂർത്തീകരണത്തിനായി 174 കോടി രൂപ വീതം കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ചെലവഴിച്ചു. 2015ൽ കഴിഞ്ഞ സർക്കാറിന്‍റെ അവസാന വർഷമാണ് ആലപ്പുഴ ബൈപ്പാസിന്‍റെ ഡി.പി.ആർ തയാറാക്കുന്നത്. 15 ശതമാനം പ്രവൃത്തികൾ അവർ ചെയ്തു. ഭൂമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് നടന്നത്.
പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ അതിന്‍റെ ബാക്കി പ്രവർത്തനങ്ങളാണ് നടത്തിയത്. എന്നാൽ, പിണറായി സർക്കാറിന്‍റെ പ്രതിബദ്ധതയും അസാധ്യമെന്ന് കരുതുന്ന പ്രവർത്തനങ്ങൾ സാധ്യമാക്കുന്ന രീതിയുമാണ് ഇവിടെ കണ്ടത്. ഇതിന്‍റെ പേരിൽ പ്രത്യേക അവകാശ വാദങ്ങളൊന്നും ഉന്നയിക്കുന്നില്ല. ആർക്കുവേണമെങ്കിലും ഇതേ പ്രതിബദ്ധതയും ആത്മാർതഥയും കാണിച്ചാൽ ഇത്തരം പ്രവർത്തനങ്ങൾ നടത്താവുന്നതാണ്.
ആത്മാർത്ഥയും പ്രതിബദ്ധതയും ഇല്ലാത്തതിനാലും രാഷ്ട്രീയ പ്രചാരണം മാത്രം നടത്തി ശീലിച്ചതിനാലും അവർക്ക് ഇത് ചെയ്യാൻ പറ്റില്ല. കേന്ദ്രവും സംസ്ഥാനവും ഒരേസമയം ഭരിച്ചിട്ടും എന്തുകൊണ്ടാണ് ഇത് സാധിക്കാതിരുന്നത്. ഇപ്പോൾ കേരളത്തിൽ ഒരു പാർട്ടിയാണ് ഭരിക്കുന്നത്. കേന്ദ്രത്തിൽ മറ്റൊരു കക്ഷിയും. എന്നിട്ടും വികസന പ്രവർത്തനങ്ങൾ നടക്കുമെന്ന് മനസ്സിലായി.
രണ്ടിടത്തും ഒരുമിച്ച് ഭരിച്ചപ്പോൾ എന്തുകൊണ്ട് നടന്നില്ല എന്ന് അവർ പരിശോധിക്കണ്ടതുണ്ട്. അല്ലാതെ ഇവിടെ പ്രതിഷേധം നടത്തുകയല്ല വേണ്ടത്. നൂറുകണക്കിന് ഫ്ലക്സ് വെച്ചിട്ട് ഒരു കാര്യവുമില്ല. ജനഹൃദയങ്ങളിൽ ഫ്ലക്സ് സ്ഥാപിക്കാൻ കഴിയില്ല' -ജി. സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.