തിരുവനന്തപുരം: നിയമസഭ സമ്മേളനം ഡിസംബർ അഞ്ചിന് ആരംഭിക്കും. 15 വരെ ഒമ്പത് ദിവസത്തെ സമ്മേളനം നിയമനിർമാണത്തിന് മാത്രമായിരിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. 15-ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനമാണിത്. സമ്മേളന കാലയളവ് നീട്ടണമോയെന്ന് കാര്യോപദേശകസമിതി ചേർന്ന് തീരുമാനിക്കും. സമ്മേളനത്തിന്‍റെ ആദ്യ രണ്ട് ദിവസങ്ങളിൽ പരിഗണിക്കേണ്ട ബില്ലുകളിൽ സ്പീക്കർ തീരുമാനമെടുക്കും.
കഴിഞ്ഞ സമ്മേളനം അംഗീകരിച്ച സർവകലാശാല നിയമഭേദഗതി ബിൽ, സഹകരണസംഘം ഭേദഗതി ബിൽ, കേരള ലോകായുക്ത ഭേദഗതി ബിൽ, കേരള പബ്ലിക് സർവിസസ് കമീഷൻ (വഖഫ് ബോർഡിന് കീഴിലെ സർവിസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ ബിൽ എന്നിവക്ക് ഇതേവരെ ഗവർണറുടെ അംഗീകാരം ലഭിച്ചിട്ടില്ല.
ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ. ജനം തെരഞ്ഞെടുത്ത സഭ എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഗവർണറും അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഭ സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച അന്താരാഷ്ട്ര പുസ്തകോത്സവവും സാഹിത്യോത്സവവും ജനുവരി ഒമ്പതുമുതൽ 15 വരെ നടക്കുമെന്നും സ്പീക്കർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.