ശാസ്താംകോട്ട: വായ്പ കുടിശ്ശികയെ തുടർന്ന് ജപ്തി ചെയ്യാൻ വീടിന് മുന്നിൽ കേരള ബാങ്ക് അധികൃതർ ബോർഡ് സ്ഥാപിച്ചതിന്‍റെ പേരിൽ ജീവനൊടുക്കിയ അഭിരാമി നാടിന്റെ നൊമ്പരമായി. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ അജി മന്ദിരത്തിൽ അജിയുടെയും ശാലിനിയുടെയും ഏക മകൾ അഭിരാമി (19) ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെയാണ് ജീവനൊടുക്കിയത്. ബാങ്ക് അധികൃതരുടെ നടപടിയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ബുധനാഴ്ച പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ഉച്ചക്കുശേഷം 2.30 ഓടെ വീട്ടിലേക്ക് കൊണ്ടുപോകവേ വാഹനം പതാരം ടൗണിലെ കേരള ബാങ്കിന്റെ ശാഖക്ക് സമീപം നിർത്തിയിട്ട് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു.
വീട്ടിലെത്തിച്ച മൃതദേഹം മുറ്റത്തെ പന്തലിൽ പൊതുദർശനത്തിന് വെച്ചു. ആയിരങ്ങളാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. അഭിരാമി ഡിഗ്രിക്ക് പഠിക്കുന്ന ചെങ്ങന്നൂർ എരമല്ലിക്കര ശ്രീഅയ്യപ്പ കോളജിലെ സഹപാഠികൾ നിറമിഴികളോടെയാണ് പ്രിയകൂട്ടുകാരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്. പഠനത്തിൽ മിടുക്കിയും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവളുമായിരുന്നു അഭിരാമി. മാതാവ് ശാലിനിയെയും പിതാവ് അജിയെയും മുത്തശ്ശി ശാന്തമ്മയെയും ആശ്വസിപ്പിക്കാനും ഏകമകളുടെ മൃതദേഹത്തിനരികിൽനിന്ന് മാറ്റാനും ബന്ധുക്കളും നാട്ടുകാരും ഏറെ പണിപ്പെട്ടു. കിടപ്പുരോഗിയായ മുത്തച്ഛനെ എടുത്തുകൊണ്ടുവന്നാണ് ചെറുമകളുടെ മൃതദേഹം കാട്ടിയത്. 3.30ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ വീട്ടിലെത്തി മാതാപിതാക്കളെ അനുശോചനമറിയിക്കുകയും വിവരങ്ങൾ തിരക്കുകയും ചെയ്തു.
വീട് ജപ്തി ചെയ്യുന്നതിൽനിന്ന് സാവകാശം തേടി മാതാപിതാക്കൾ ബാങ്ക് അധികൃതരുമായി സംസാരിക്കാൻ പതാരത്ത് പോയപ്പോഴാണ് അഭിരാമി വീട്ടിൽ തൂങ്ങിമരിച്ചത്. മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയവർ ഉടൻ അഭിരാമിയെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വീട് വെക്കാൻ മൂന്നുവർഷം മുമ്പ് കേരള ബാങ്കിന്റെ പതാരം ശാഖയിൽനിന്നെടുത്ത 10 ലക്ഷം രൂപ വായ്പ തിരിച്ചടവ് കോവിഡിനെ തുടർന്ന് അജിയുടെ കുവൈത്തിലെ ജോലി നഷ്ടമായതോടെയാണ് മുടങ്ങിയത്. പിതാവ് രോഗബാധിതനായി കിടപ്പിലായതും അജിയെ സാമ്പത്തികമായി തളർത്തിയിരുന്നു.
കിടപ്പുരോഗിയായ മുത്തച്ഛൻ ശശിധരൻ ആചാരിയും മുത്തശ്ശിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് ബാങ്ക് അധികൃതർ പൊലീസുമായി എത്തിയത്. ഇവരെക്കൊണ്ട് നോട്ടീസിൽ ഒപ്പിടീക്കുകയും മകൻ വരുമ്പോൾ ബാങ്കിലെത്തണമെന്ന് ഭീഷണിസ്വരത്തിൽ അറിയിക്കുകയും ചെയ്തു. മാതാപിതാക്കളും അഭിരാമിയും അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് ചെങ്ങന്നൂരിൽ പോയിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.