കൊല്ലം: മത സൗഹാർദത്തിൽ കേരളത്തിെൻറ പാരമ്പര്യം മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തിെൻറ ആത്മീയ പാരമ്പര്യം വിശ്വാസത്തിനും മതത്തിനും അതീതമാണെന്നും രാഷ്ട്രപതി പറഞ്ഞു. മാതാ അമൃതാനന്ദമയിയുടെ 64ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് അമൃതാനന്ദമയീ മഠത്തിെൻറ മൂന്നു സേവന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ മതങ്ങളുടെയും വിശ്വാസങ്ങളുടെയും പരസ്പര സഹവർത്തിത്വത്തിെൻറയും ഒത്തൊരുമയുടെയും പാരമ്പര്യമാണ് കേരളത്തിനുള്ളത്.
വിവിധ മതങ്ങളെ ഉത്ഭവ കാലം മുതൽ സ്വീകരിച്ച നാടാണ് ഇത്. രാജ്യത്ത് ൈക്രസ്തവർ ആദ്യമെത്തിയത് കേരളത്തിലാണ്. ആദ്യ മുസ്ലിം പള്ളിയും കേരളത്തിലാണുണ്ടായത്. റോമാക്കാരുടെയും 2000 വർഷം മുമ്പ് എത്തിയ ജൂതരുടെയും സമ്പന്നമായ സംസ്കാര പാരമ്പര്യമുണ്ടിവിടെ. അഭിമാനാർഹമായ ഇൗ പാരമ്പര്യം നാം ഉൾക്കൊള്ളണം. ആധ്യാത്മികതയുടെ അടിസ്ഥാനംതന്നെ ഇതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിെൻറ ദീപസ്തംഭങ്ങളായ ശ്രീശങ്കരാചാര്യരും ശ്രീനാരായണഗുരുവും അയ്യങ്കാളിയും ആധ്യാത്മികതക്കൊപ്പം സാമൂഹിക പരിഷ്കരണത്തിലും ഒരുപോലെ മാറ്റം കൊണ്ടുവന്നു.
എല്ലാവർക്കും ഒരുപോലെ ജീവിത സൗകര്യങ്ങൾ നൽകുന്നതിലും സാധാരണക്കാരുടെ ജീവിതപുരോഗതി ഉറപ്പാക്കുന്നതിലുമാണ് ആധ്യാത്മികത ഇന്ന് വലിയ വെല്ലുവിളി നേരിടുന്നത്. ഈ രംഗത്ത് അമൃതാനന്ദമയീ മഠം നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തുലമാണ്. സഹജീവികളെ സ്നേഹിക്കുകയും നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവും തുല്യ അവസരവും നൽകുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഈ ദിശയിലുള്ള മഠത്തിെൻറ പ്രവർത്തനം ശ്ലാഘനീയമാണെന്നും രാഷ്ട്രപതി പറഞ്ഞു.
ദേശീയതലത്തിൽ 5000 ഗ്രാമങ്ങളിൽ ശുദ്ധ ജലം നൽകുന്ന ജീവാമൃതം പദ്ധതിയുടെ ഉദ്ഘാടനം രാഷ്ട്രപതി നിർവഹിച്ചു. വെളിയിട വിസർജനം ഒഴിവാക്കിയ 12 ഗ്രാമങ്ങൾക്ക് രാഷ്ട്രപതി സാക്ഷ്യപത്രം നൽകി. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് നടത്തുന്ന 2000ത്തോളം സൗജന്യ ശസ്ത്രക്രിയകളുടെ സാക്ഷ്യപത്രവും രാഷ്ട്രപതി നൽകി.
അമൃതപുരിയിലെ ദർശനഹാളിൽ അമൃതാനന്ദമയിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഗവർണർ ജസ്റ്റിസ് പി. സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ.സി. വേണുഗോപാൽ എം.പി, ആർ. രാമചന്ദ്രൻ എം.എൽ.എ എന്നിവർ സംബന്ധിച്ചു. മാതാ അമൃതാനന്ദമയീ മഠം ട്രസ്റ്റ് വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി സ്വാഗതവും എയിംസ് മെഡിക്കൽ ഡയറക്ടർ േപ്രം നായർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.