വയനാട് ലോക്സഭ മണ്ഡലത്തിലേക്കും പാലക്കാട് നിയമസഭ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം. ചേലക്കര നിയമസഭ ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും വിജയിച്ചു. വയനാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി 4,10,931 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടിനും ചേലക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് 12,201 വോട്ടിനും വിജയിച്ചു.
പോളിങ് ശതമാനം കുത്തനെ കുറഞ്ഞിട്ടും ഒട്ടും പ്രഭ കുറയാത്ത വിജയമാണ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി നേടിയത്. 6,22,338 വോട്ടുകളാണ് പ്രിയങ്ക നേടിയത്. തൊട്ടുപിന്നിലുള്ള എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് 2,11,407 വോട്ടുകളും ബി.ജെ.പിയുടെ നവ്യ ഹരിദാസിന് 1,09,939 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി നേടിയ 3,64,111 വോട്ടിന്‍റെ ഭൂരിപക്ഷം മറികടന്ന വിജയമാണ് ഇത്തവണ പ്രിയങ്കയുടേത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റ് നിലനിർത്തിയത്. രാഹുലിന് 58,389 വോട്ട് ലഭിച്ചപ്പോൾ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന് 39,549 വോട്ടാണ് ലഭിച്ചത്. ഇടത് സ്വതന്ത്രനായി മത്സരിച്ച ഡോ. പി. സരിൻ 37,293 വോട്ടുമായി മൂന്നാം സ്ഥാനത്ത് ഒതുങ്ങി. പാലക്കാട് 2016ലെ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ നേടിയ ഭൂരിപക്ഷം രാഹുൽ മാങ്കൂട്ടത്തിൽ ഇത്തവണ മറികടന്നു. ഷാഫിക്ക് 17,483 വോട്ടായിരുന്നു ഭൂരിപക്ഷം.
ചേലക്കരയിൽ 12,201 വോട്ടിനാണ് ഇടത് സ്ഥാനാർഥി യു.ആർ. പ്രദീപ് വിജയിച്ചത്. 64,827 വോട്ടാണ് പ്രദീപിന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് 52,626 വോട്ടുകൾ ലഭിച്ചു. എൻ.ഡി.എ സ്ഥാനാർഥി കെ. ബാലകൃഷ്ണന് 33,354 വോട്ട് നേടാനായി. തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കാനുള്ള പി.വി. അൻവർ എം.എൽ.എയുടെ നീക്കത്തിനും തിരിച്ചടിയായി. ഡി.എം.കെ സ്ഥാനാർഥി എൻ.കെ. സുധീറിന് 3920 വോട്ട് മാത്രമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.