ന്യൂഡൽഹി: കോവളം എം.എൽ.എ എം. വിൻസെന്‍റിനെതിരായ വീട്ടമ്മയുടെ പരാതി ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണത്തിന്‍റെ ഭാഗമായാണ് വിൻസെന്‍റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകൾക്കെതിരായ എല്ലാതരം അക്രമങ്ങളും ഗൗരവമായി കാണും. കുറ്റകൃത്യങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നേടിയെടുക്കാൻ ബി.ജെ.പി നേതാക്കൾ കോഴ വാങ്ങിയ സംഭവത്തിൽ നിയമപരമായ പരിശോധന നടന്നുവരികയാണെന്നും പിണറായി. ഉന്നതതല ഏജൻസിയെ കൊണ്ട് കോഴ വിവാദം അന്വേഷിക്കേണ്ടതുണ്ടോ എന്ന മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് ചോദിച്ചു. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ നിലപാട് എന്തെന്ന് പറയൂവെന്ന് പിണറായി മറുചോദ്യം ഉന്നയിച്ചു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീത്വത്തിനു നേരെ നീളുന്ന കരങ്ങൾ ഏതു പ്രബലന്‍റേതായാലും പിടിച്ചുകെട്ടാനും നിയമത്തിനു മുന്നിലെത്തിച്ച് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടും. സ്ത്രീ സുരക്ഷക്കും സ്ത്രീ കൾക്ക് തുല്യനീതി ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമായ ഗവർമെന്‍റാണിത്.
തങ്ങൾ ആക്രമിക്കപ്പെട്ടാൽ സർക്കാർ തുണയുണ്ട് എന്ന ബോധം സ്ത്രീകളിൽ വളരുന്നത് ശുഭോദർക്കമാണ്. അത്തരം സുരക്ഷാ ബോധമാണ് പീഡനത്തെക്കുറിച്ചുള്ള പരാതി നിയമത്തിനു മുന്നിലെത്തിക്കാൻ അവരെ കൂടുതൽ പ്രാപ്തരാക്കുന്നത്. അത്തരം പരാതികൾ ഉയർന്നാൽ ദാക്ഷിണ്യമില്ലാതെ ഇടപെടുന്ന സമീപനം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.