സി.പി.ഐക്കെതിരെ കേരള കോൺഗ്രസ് എം എൽ.ഡി.എഫിന് പരാതി നൽകും. എൽ.ഡി.എഫ് ഘടകകക്ഷി എന്ന നിലയിൽ തങ്ങളെ പരിഗണിക്കുകയോ പ്രവർത്തനങ്ങളിൽ സഹകരിക്കുകയോ ചെയ്യുന്നില്ലെന്നാണ് സി.പി.ഐക്കെതിരെ കേരള കോൺഗ്രസ് എം ഉന്നയിക്കുന്നത്. കേരള കോൺഗ്രസ് എമ്മിനെ കുറ്റപ്പെടുത്തി സി.പി.ഐയുടെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം പുറത്തുവന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
യു.ഡി.എഫ് ഘടകകക്ഷിയായിരുന്ന കാലത്ത് തങ്ങളോടുണ്ടായിരുന്ന അതേ നിലപാടാണ് സി.പി.ഐ ഇപ്പോഴും തുടരുന്നതെന്നാണ് കേരള കോൺഗ്രസ് ആരോപിക്കുന്നത്. എൽ.ഡി.എഫിൽ എത്തിയിട്ടും സി.പി.ഐയുടെ നിലപാടിൽ മാറ്റമൊന്നും വന്നിട്ടില്ല. പ്രവർത്തനങ്ങളിൽ സി.പി.െഎ സഹകരിക്കുന്നില്ലെന്നും കേരള കോൺഗ്രസ് എം കുറ്റപ്പെടുത്തുന്നു.
സി.പി.ഐയുടെ തെരഞ്ഞെടുപ്പ് അവലോകനത്തിൽ കേരളകോൺഗ്രസിനെയും പാർട്ടി ചെയർമാനേയും കുറ്റപ്പെടുത്തിയതിലെ പ്രതിഷേധവും എൽ.ഡി.എഫിനെ അറിയിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സ്റ്റയറിങ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക് ജനപ്രതീ ഇല്ലെന്നും ഇതാണ് പാലായിലെ തോൽവിക്ക് കാരണമെന്നും സി.പി.ഐ കുറ്റപ്പെടുത്തിയിരുന്നു.
കേരള കോൺഗ്രസ് എം എൽ.എഡി.എഫിൽ വന്നതു കൊണ്ട് വോട്ടുവിഹിതം വർധിക്കുകയോ മുന്നണിക്ക് എന്തെങ്കിലും നേട്ടമുണ്ടാകുകയോ ചെയ്തിട്ടില്ലെന്നും സി.പി.ഐ വിലയിരുത്തിയിരുന്നു. എൽ.ഡി.എഫിൽ എത്തിയതു കൊണ്ട് കേരള കോൺഗ്രസിന് നേട്ടമുണ്ടായിരിക്കാമെന്നുമായിരുന്നു സി.പി.ഐയുടെ അവലോകനം.
സി.പി.ഐയുടെ അവലോകനം സംബന്ധിച്ച് വാർത്തകൾ വന്നിട്ടും ഒരു നിഷേധകുറിപ്പ് ഇറക്കാൻ പോലും സി.പി.ഐ തയാറായില്ലെന്ന പരാതിയും കേരള കോൺഗ്രസിനുണ്ട്. ഇ എൽ.ഡി.എഫിൽ ഉന്നയിക്കാനാണ് കേരള കോൺഗ്രസിന്‍റെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.