കോട്ടയം: കെ.എം. മാണിയുടെ നിര്യാണത്തോടെ അദ്ദേഹം വഹിച്ചിരുന്ന സുപ്രധാന പദവികളടക്കം നേതൃതലത്തിൽ സമഗ്രമാറ്റത്തിനുള്ള ചർച്ചകൾ കേരള കോൺഗ്രസിൽ സജീവം. പാർട്ടിയിൽ ആരും ചോദ്യംചെയ്യാത്ത നേതാവായിരുന്ന മാണിയുടെ വിയോഗത്തോടെ സുപ്രധാന സ്ഥാനങ്ങൾക്കായുള്ള മത്സരം കേരള കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് സൂചന. ആരായിരിക്കണം അടുത്ത ചെയർമാൻ എന്നതാണ് പ്രമുഖ നേതാക്കളെയും വലക്കുന്നത്. നിയമസഭകക്ഷി നേതാവ് സ്ഥാനത്തേക്കും പുതിയ ആളെ കണ്ടെത്തണം. വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് ലോക്സഭ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധി ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ ചെയർമാൻ സ്ഥാനത്തിെൻറ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന ഉറച്ച നിലപാടിലാണ് ജോസഫ് വിഭാഗം.
ജോസഫിനെ പിന്തുണക്കാൻ പാർട്ടിയിലെയും യു.ഡി.എഫിലെയും ഒരുവിഭാഗം കരുനീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ലോക്സഭ സീറ്റ് നിഷേധിച്ചപ്പോൾ പാർട്ടിയിൽ ഉണ്ടാകുമായിരുന്ന പിളർപ്പ് ഒഴിവാക്കി മുന്നണിമര്യാദ പൂർണമായും പാലിച്ച ജോസഫിനെ നേതൃസ്ഥാനത്ത് അവരോധിക്കാനാണ് പ്രബല വിഭാഗത്തിന് താൽപര്യം. അതിനുള്ള നീക്കം ജോസഫും നടത്തുന്നുണ്ട്. ജോസഫ് നേതൃസ്ഥാനത്ത് വരുന്നതിനെ ഇപ്പോൾ ഇടതുപക്ഷത്തുള്ള ജനാധിപത്യ കേരള കോൺഗ്രസും സ്വാഗതം ചെയ്യുന്നുണ്ട്. മാണിയുടെ വിയോഗത്തോടെ പാർട്ടിയിൽ പിടിമുറുക്കാൻ പഴയ ജോസഫ് പക്ഷക്കാരെല്ലാം തയാറെടുക്കുകയാണെന്നാണ് വിവരം.
നിലവിൽ വൈസ് ചെയർമാനായ ജോസ് കെ. മാണി ചെയർമാൻ സ്ഥാനത്തേക്ക് വരണമെന്നാണ് മാണി വിഭാഗത്തിെൻറ ആഗ്രഹം. ഉന്നതാധികാര സമിതിയിലും സ്റ്റിയറിങ് കമ്മിറ്റിയിലും ഭൂരിപക്ഷം ജോസ് കെ. മാണിക്കുണ്ടെങ്കിലും യു.ഡി.എഫ് നേതൃത്വം ഇടപെട്ടാൽ എത്രപേർ ഇത് അംഗീകരിക്കുമെന്നും കണ്ടറിയണം. മുതിർന്ന നേതാവെന്ന നിലയിൽ ജോസഫിനെ പിന്തുണക്കുന്നവരും കുറവല്ല. ജോസ് കെ. മാണിയുടെ നേതൃത്വത്തോട് സീനിയർ നേതാക്കളടക്കം ബഹുഭൂരിപക്ഷത്തിനും അമർഷമുണ്ട്. മാണിയെ ഭയന്ന് നാളിതുവരെ മൗനംപാലിച്ചവർ ഇനി തലപൊക്കുമെന്ന ആശങ്കയും ശക്തമാണ്. മാണിയുടെ ആരോഗ്യസ്ഥിതിയും സഭ നേതൃത്വത്തിെൻറ അനുനയ നീക്കങ്ങളുമാണ് സീറ്റ് നിഷേധിച്ചപ്പോഴും ജോസഫ് പെെട്ടന്ന് പൊട്ടിത്തെറിക്കാതിരിക്കാൻ കാരണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് നേതൃത്വത്തിെൻറ ഇടപെടലും ജോസഫ് അംഗീകരിച്ചു. മാണിയില്ലാത്ത പാർട്ടിയിൽ ഇനി ജോസഫ് ശക്തനാകും. ഇത് അംഗീകരിക്കാൻ ജോസ് കെ. മാണിയും മാണിയുടെ വിശ്വസ്തരും തയാറാവില്ല. ഇത് പാർട്ടിയെ ചെന്നെത്തിക്കുക വലിയ പ്രതിസന്ധിയിലേക്കായിരിക്കും.
ഉപതെരഞ്ഞെടുപ്പ് വരുമെന്നതിനാൽ പാലാ സീറ്റും വൈകാതെ ചർച്ചയാകും. പാലാ സീറ്റിൽ മാണി കുടുംബത്തിൽനിന്നുള്ളവർതന്നെ രംഗത്തുവരുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. വരുംദിവസങ്ങൾ കേരള കോൺഗ്രസിനെ സംബന്ധിച്ചടത്തോളം നിർണായകമാണ്. എത്ര വലിയ പ്രതിസന്ധിെയയും തന്ത്രപരമായി നേരിടാനുള്ള മാണിയൻ പൊളിറ്റിക്സ് ജോസ് കെ. മാണിക്ക് അത്ര വശമില്ല. മാണിയില്ലാത്ത കേരള കോൺഗ്രസ് ഇനി യു.ഡി.എഫിനും തലവേദനയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.