കോവിഡ്​: നാളെ മുതൽ കർശന നിയന്ത്രണം; 25,000 പൊലീസുകാരെ നിയോഗിക്കും, രാത്രിയാത്ര ഒഴിവാക്കണം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്ന്​ 5771 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. കോവിഡ്​ വ്യാപനം വർധിച്ച സാഹചര്യത്തിൽ നാളെ മുതൽ നിയന്ത്രണങ്ങൾ വീണ്ടും കർക്കശമാക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ഇതിന്‍റെ ഭാഗമായി പൊലീസ് പരിശോധന വ്യാപകമാക്കും. പൊതുസ്​ഥലങ്ങളിൽ കോവിഡ്​ മാനദണ്ഡം ലംഘിക്കുന്നവരെ കണ്ടെത്താൻ വെള്ളിയാഴ്ച രാവിലെ മുതൽ ഫെബ്രുവരി 10 വരെ  25,000 പൊലീസുകാരെ നിയോഗിക്കും.

വിവാഹത്തിനും സ​േമ്മളനത്തിനും അടച്ചിട്ട ഹാളുകളിൽ വലിയ തോതിലുള്ള ആൾക്കൂട്ടം സംഘടിക്കുന്നത്​ അനുവദിക്കില്ല.പകരം തുറസ്സായ സ്​ഥലങ്ങളിൽ അകലം പാലിച്ച്​ ഇത്തരം പരിപാടികൾ നടത്തണം. വിവാഹ ചടങ്ങുകളിലെ പങ്കാളിത്തം നിയന്ത്രിക്കണം.

രാത്രി 10 മണിക്ക്​ ശേഷമുള്ള യാത്ര ഒഴിവാക്കണം. അത്യാവശ്യ കാര്യങ്ങൾക്ക്​ മാത്രമേ രാത്രി യാത്ര നടത്താവൂ

വാർഡ് അംഗം നേതൃത്വം നൽകുന്ന വാർഡുതല സമിതികൾ പുനരുജ്ജീവിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്​ മുമ്പ്​​ ഈ സമിതി ഫലപ്രദമായിരുന്നു. തെരഞ്ഞെടുപ്പോടെയാണ്​ നിർജീവമായത്​.

ബസ് സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷൻ, ഷോപ്പിങ് മാൾ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പാക്കും.

കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ വിന്യസിക്കും. അവർ പൊലീസിനൊപ്പം പ്രവർത്തിക്കും. 

സംസ്ഥാനത്തു കോവിഡ്​ രോഗികളും വ്യാപന നിരക്കും കൂടുതലാണ്. കനത്ത ജാഗ്രത വേണം. അതേസമയം, മരണനിരക്ക് മറ്റിടങ്ങളെ അപേക്ഷിച്ചു താരതമ്യേന കുറവാണ്. ജനസംഖ്യയുടെ മൂന്നു ശതമാനത്തിൽ താഴെ പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. യഥാർഥ കണക്കുകൾ ജനങ്ങൾക്കു മുന്നിൽ വയ്ക്കും. പൊതുസ്ഥലങ്ങളിൽ കോവിഡ് മാർഗരേഖ പാലിക്കുന്നു എന്നുറപ്പാക്കാൻ പൊലീസ് ഇടപെടും. 

72,392 പേർ ചികിത്സയിൽ 

സംസ്​ഥാനത്ത്​  72,392 പേരാണ്​ കോവിഡ് ബാധിച്ച്​ ചികിത്സയിലുള്ളത്​. ഇന്ന്​ 5,228 പേർക്ക്​ സമ്പർക്കം മൂലമാണ്​ രോഗം ബാധിച്ചത്​. 410 പേർക്ക്​ രോഗം ബാധിച്ചതിന്‍റെ ഉറവിടമറിയില്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5594 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോവിഡ്​ ബാധിച്ച്​ 19 പേർ മരിച്ചതായും മുഖ്യമന്ത്രി  അറിയിച്ചു.

ഇന്ന്​ രോഗം ബാധിച്ചവർ:

എറണാകുളം 784,

കൊല്ലം 685,

കോഴിക്കോട് 584,

കോട്ടയം 522,

പത്തനംതിട്ട 452,

ആലപ്പുഴ 432,

തൃശൂര്‍ 424,

മലപ്പുറം 413,

തിരുവനന്തപുരം 408,

ഇടുക്കി 279,

കണ്ണൂര്‍ 275,

പാലക്കാട് 236,

വയനാട് 193,

കാസര്‍കോട്​ 84.


ഇന്ന്​ രോഗമുക്​തി നേടിയവർ:

തിരുവനന്തപുരം 270,

കൊല്ലം 547,

പത്തനംതിട്ട 529,

ആലപ്പുഴ 391,

കോട്ടയം 482,

ഇടുക്കി 282,

എറണാകുളം 792,

തൃശൂര്‍ 612,

പാലക്കാട് 148,

മലപ്പുറം 387,

കോഴിക്കോട് 610,

വയനാട് 224,

കണ്ണൂര്‍ 274,

കാസര്‍കോട് 46 


യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 74 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 51 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 94,59,221 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3682 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 738, കൊല്ലം 679, കോഴിക്കോട് 567, കോട്ടയം 483, പത്തനംതിട്ട 414, ആലപ്പുഴ 426, തൃശൂര്‍ 414, മലപ്പുറം 394, തിരുവനന്തപുരം 313, ഇടുക്കി 263, കണ്ണൂര്‍ 199, പാലക്കാട് 89, വയനാട് 185, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, എറണാകുളം, പാലക്കാട്, വയനാട് 5 വീതം, പത്തനംതിട്ട, തൃശൂര്‍ 4 വീതം, തിരുവനന്തപുരം 3, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,935 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,03,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,809 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1601 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 6), ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (21), കൊല്ലം ജില്ലയിലെ ഇട്ടിവ (1, 8), തൃക്കരുവ (5), തിരുവനന്തപുരം ജില്ലയിലെ അഴൂര്‍ (സബ് വാര്‍ഡ് 11), ഇടുക്കി ജില്ലയിലെ കടയത്തൂര്‍ (സബ് വാര്‍ഡ് 3, 4, 5, 7, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 404 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.