ബി.ജെ.പി കൗൺസിലർമാരെ കോൺഗ്രസിലേക്ക് വീണ്ടും ക്ഷണിച്ച് പാലക്കാട് ഡി.സി.സി; എ. തങ്കപ്പന് ബി.ജെ.പിയിലേക്ക് സ്വാഗതമെന്ന് എൻ. ശിവരാജൻ

പാലക്കാട്: പാലാക്കട് നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാരെ വീണ്ടും കോൺഗ്രസിലേക്ക് ക്ഷണിച്ച് ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പൻ. കോൺഗ്രസ് ആശയം അംഗീകരിച്ചെത്തിയാൽ സ്വീകരിക്കാൻ തയാറാണ്. ബി.ജെ.പിയിലെയും സി.പി.എമ്മിലെയും ഭിന്നത കോൺഗ്രസിന് ഗുണം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി കൗൺസിലർമാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അഭിപ്രായ വ്യത്യാസം പാർട്ടിക്കുള്ളിലാണ് ഉന്നയിച്ചത്. സന്ദീപ് വാര്യർ പറഞ്ഞ പോലെ ബി.ജെ.പി ആശയവുമായി മുന്നോട്ടു പോകാനില്ലെന്ന് കൗൺസിലർമാർ പുറത്തു പറഞ്ഞിട്ടില്ല. അത്തരത്തിൽ ഒരു സാഹചര്യമുണ്ടായാൽ തുടർനടപടി സ്വീകരിക്കുമെന്നും എ. തങ്കപ്പൻ വ്യക്തമാക്കി.

അതേസമയം, അതൃപ്തരായ കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത വി.കെ ശ്രീകണ്ഠൻ എം.പിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് എൻ. ശിവരാജൻ രംഗത്തെത്തി. ബി.ജെ.പി കൗൺസിലർമാരെ പ്രതീക്ഷിച്ച് ശ്രീകണ്ഠൻ പനിക്കേണ്ടെന്ന് എൻ. ശിവരാജൻ പറഞ്ഞു.

ആർ.എസ്.എസ് ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ് പാർട്ടി കൗൺസിലർമാർ. ആര്‍.എസ്.എസുകാരെ സ്വീകരിക്കാൻ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയാറാണോയെന്നും ശിവരാജൻ ചോദിച്ചു. വേണമെങ്കില്‍ ശ്രീകണ്ഠനും ഡി.സി.സി പ്രസിഡന്‍റ് എ. തങ്കപ്പനും ബി.ജെ.പിയിലേക്ക് സ്വാഗതമെന്നും ശിവരാജൻ വ്യക്തമാക്കി.

അതേസമയം, പാലക്കാട്ടെ കനത്ത തോൽവിയിൽ പ്രതികരിക്കുന്നതിൽ നിന്ന് നഗരസഭയിലെ കൗൺസിലർമാരെ ബി.ജെ.പി നേതൃത്വം വിലക്കി. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിൽ നിന്ന് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ അടക്കമുള്ളവരെയാണ് വിലക്കിയത്. 

Tags:    
News Summary - Palakkad DCC invites BJP municipality councilors to Congress again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.