ബാബരി മസ്ജിദും അയോധ്യയും ഉൾപ്പെടുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ എൻ.സി.ഇ.ആർ.ടി നടപടി കേരളം അംഗീകരിക്കുന്നില്ലെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: ബാബരി മസ്ജിദും അയോധ്യ വിഷയവും ഉൾപ്പെടുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ എൻ.സി.ഇ.ആർ.ടി നടപടി കേരളം അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി മന്ത്രി വി. ശിവൻകുട്ടി. ഏതെങ്കിലും പ്രസ്ഥാനത്തിന്റെ സങ്കുചിത പ്രത്യയ ശാസ്ത്ര നിലപാടുകളോ ആശയ പ്രചാരണങ്ങളോ അല്ല പാഠപുസ്തകങ്ങൾ ഉൾക്കൊള്ളേണ്ടത്.

യഥാർഥ ചരിത്രവും ശാസ്ത്രവും ഒക്കെയാണ് പഠിപ്പിക്കേണ്ടത്. കേരളം ഉയർത്തിപ്പിടിക്കുന്ന നിലപാടും മുന്നോട്ട് കൊണ്ടു പോകുന്ന നടപടിയും ഇതാണ്. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്നും ചില ഭാഗങ്ങൾ ബോധപൂർവം ഒഴിവാക്കിയത് രാജ്യത്താകെയും കേരളത്തിലും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് വഴിവെച്ചത്. ഈ മാറ്റങ്ങൾ രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും മതനിരപേക്ഷ സ്വഭാവത്തെയും അട്ടിമറിക്കുന്നതാണെന്ന ആശങ്ക പല കോണുകളിൽ നിന്നും ഉയർന്നു.

എസ്.സി.ഇ.ആർ.ടി, വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ എന്നിവരടങ്ങുന്ന ഒരു സമിതിയെ നിയോഗിച്ച് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിലെ മാറ്റങ്ങൾ വിശദമായി പരിശോധിക്കുകയും അവയുടെ പ്രത്യാഘാതങ്ങൾ വിലയിരുത്തുകയും ചെയ്തു. ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷത, ജനാധിപത്യം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഈ പരിശോധനയിൽ വ്യക്തമായി.

കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം, മതനിരപേക്ഷ സമീപനം, പുരോഗമന ചിന്താഗതി എന്നിവക്ക് അനുസൃതമായി വിദ്യാഭ്യാസം രൂപപ്പെടുത്തേണ്ടതിന്റെ അടിസ്ഥാനത്തിൽ എൻസിഇആർടി ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കേരളം സമാന്തര പാഠപുസ്തകങ്ങൾ തയ്യാറാക്കി. ഈ പാഠപുസ്തകങ്ങൾ രാജ്യത്തിന്റെയും കേരളത്തിന്റെയും സാമൂഹിക-സാംസ്കാരിക സവിശേഷതകളെ ഉൾക്കൊള്ളുന്നതും ഭരണഘടനാ മൂല്യങ്ങളോട് കൂറുപുലർത്തുന്നതുമാണ്.

കേരളത്തിന്റെ ഈ നടപടി രാജ്യമെമ്പാടും വലിയ ചർച്ചകൾക്ക് വഴിതുറന്നു. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും സ്വഭാവവും സംബന്ധിച്ച സുപ്രധാന ചർച്ചകൾ ഈ സംഭവം ഉയർത്തിക്കൊണ്ടുവന്നു.ഇന്ത്യൻ മതനിരപേക്ഷ സമൂഹത്തിന് ശുഭാപ്തി വിശ്വാസം പകരുന്നതായിരുന്നു കേരളത്തിൻ്റെ വിദ്യാഭ്യാസരംഗത്തെ തനിമയാർന്ന ഈ ഇടപെടൽ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Kerala does not accept the NCERT process which has changed the text sections involving Babri Masjid and Ayodhya- V. Shivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.