പത്തനംതിട്ട: പ്രളയജലം ഒഴുകിയിറങ്ങിയെങ്കിലും ജില്ല രോഗഭീതിയിലും ജീവിതാശങ്കയിലും. പല വീടുകളിലും എല്ലാവർക്കും പനി. അപ്പർകുട്ടനാട്ടിൽ ക്യാമ്പുകളിൽനിന്ന് മടങ്ങിയെത്തിയ സ്ത്രീകളിൽ നിരവധിപേർക്ക് കടുത്ത പനിയാണ്. നാനൂറിലേറെ കുടുംബങ്ങളുള്ള, സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടികജാതി കോളനിയായ ആറന്മുള എഴിക്കാട് കോളനിക്കടുത്ത് പ്രവർത്തിച്ചിരുന്ന ഫാമിലെ പന്നികൾ ചത്തളിഞ്ഞു കിടക്കുകയാണ്. ഇവിടെ പലർക്കും വയറിളക്കവും പനിയും ഛർദിയുമുണ്ട്. ഇനി എന്തുരോഗം പടർന്ന് പിടിക്കുമെന്ന ആശങ്കയുമുണ്ട്. സർക്കാർ സഹായത്തിൽ നിർമിച്ച ചെറിയ വീടുകൾ തകർന്നു.
ചാത്തങ്കരി വളവനാരി ഭാഗത്ത് 23 കുടുംബങ്ങൾ കഴിഞ്ഞത് കലുങ്കിൽ പടുത വലിച്ചുകെട്ടിയാണ്. പിന്നീട് ബോട്ടിൽ ക്യാമ്പുകളിൽ പോയി മടങ്ങിവന്ന ഇവർ ഇനിയെങ്ങനെ ജീവിക്കണം എന്ന ആശങ്കയിലാണ്. പൊതുവേ ഇവിടെ പണിയില്ല. ആറുമാസത്തെ നെൽകൃഷിയാണ് ആശ്രയം. ബാക്കി മാസങ്ങളിൽ ആണുങ്ങൾക്ക് പണിയില്ല. പല സ്ത്രീകളും തിരുവല്ലയിൽ വീട്ടുേവലക്ക് പോകുന്നവരാണ്. വീട്ടിൽ അവശേഷിച്ചതൊക്കെ ഉണക്കാനിട്ടും കഴുകിയും കഴിയുന്നതിനിടെ സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ കിട്ടാൻ ഫോം പൂരിപ്പിക്കുന്ന തിരക്കിലാണ് എല്ലാവരും. കാവുംഭാഗം കോളനിയിൽ 800 പേർ ക്യാമ്പ് കഴിഞ്ഞ് വന്നത് വെറും കൈയോടെയാണ്. കിറ്റു കിട്ടിയില്ല. ആഹാരത്തിന് ഇപ്പോഴും സന്നദ്ധസംഘടനകെള കാത്തിരിക്കുന്നു. മിക്ക വീടുകളും വിണ്ടുകീറി. ചിലത് മരം വീണ് തകർന്നു.
പമ്പയാറിെൻറ ഒാരത്തെ ചെറിയ റോഡ് അവസാനിക്കുന്നിടത്തെ വെയിറ്റിങ് ഷെഡിനോടുചേർന്നാണ് ചാത്തങ്കരി കോൺകോഡുകാർ കഴിയുന്നത്. ഇവിടെ ഇവർ ക്യാമ്പുതുടങ്ങിയിട്ട് ഏതാണ്ട് രണ്ടുമാസമായി. ഇൗ പ്രളയത്തിനുമുമ്പും ഇവർ ഇങ്ങനെയായിരുന്നു. അടുത്തുള്ള വലിയ വീടുകളുടെ മുകളിലാണ് ഇപ്പോഴും പലരുടെയും അന്തിയുറക്കം. റോഡിൽ ടാർപോളിൻ കെട്ടി വലിയ കുട്ടുകത്തിൽ ചോറുവെക്കുന്നു. സർക്കാർ വിതരണം ചെയ്ത അരി മാത്രമുണ്ട്. കുടിവെള്ളം പോലും ഇല്ല. കറിക്ക് ചിലർ വീട്ടിൽനിന്ന് കുല വെട്ടിക്കൊണ്ടുവരും. 250 പേർക്കാണ് കഞ്ഞിവെക്കുന്നത്.
നല്ല വസ്ത്രങ്ങൾ ആർക്കുമില്ല. ആദ്യം വെള്ളം കയറുകയും ആദ്യം ഇറങ്ങുകയും ചെയ്ത റാന്നിയിൽ മാലിന്യമയമാണെങ്ങും. വീടുകളിലും കടകളിലും ഒരുപോലെ വെള്ളം കയറി. ഇപ്പോഴും ചളി കഴുകി കളയാനായിട്ടില്ല. റാന്നിയിലെ അപ്രതീക്ഷിത വെള്ളപ്പൊക്കം വലിയ ആശങ്കയാണ് സർക്കാർ വകുപ്പുകളിലുണ്ടാക്കിയത്. അച്ചൻകോവിലാർ പന്തളം നഗരത്തിലൂടെ ഒഴുകിയതിന് കാരണം പ്രധാന ചാലായ മുട്ടാർചാൽ കൈയേറിയതാണെന്ന് വിലയിരുത്തുന്നു. ഇല്ലെങ്കിൽ കുറെ വെള്ളം ഒഴുകിമാറുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.