കേരളം ഇസ്ലാമിക തീവ്രവാദികളുടെ പ്രജനനകേന്ദ്രം -ജെ.പി. നഡ്ഡ

കോഴിക്കോട്/ കൊണ്ടോട്ടി: കേരളം ഇസ്ലാമിക തീവ്രവാദികളുടെ പ്രജനനകേന്ദ്രമായതായും പിണറായി വിജയൻ സർക്കാർ തീവ്രവാദികളുടെ രക്ഷാകർത്താവാണെന്നും ബി.ജെ.പി പ്രസിഡന്റ് ജെ.പി. നഡ്ഡ.

കേരള സർക്കാർ എല്ലാ വിഭാഗക്കാരോടും തുല്യമായല്ല പെരുമാറുന്നതെന്നും ബി.ജെ.പി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് നഡ്ഡ പറഞ്ഞു. ചില മതങ്ങളിലെ ജനസംഖ്യയിലുണ്ടാകുന്ന വർധനവിൽ പലരും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ക്രിസ്ത്യൻ സമുദായ നേതാക്കളടക്കം ഇക്കാര്യത്തിൽ പലസമയങ്ങളിലും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 'നാർക്കോട്ടിക് ജിഹാദി'നെക്കുറിച്ചും ക്രിസ്ത്യൻ മതമേലധ്യക്ഷന്മാർ ആശങ്കാകുലരാണ്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്നതാണ് പിണറായിയുടെ നയമെന്നും ബി.ജെ.പി അധ്യക്ഷൻ കുറ്റപ്പെടുത്തി.

പാലക്കാട്ട് സഞ്ചിത്തിനെയും ശ്രീനിവാസനെയും കൊലപ്പെടുത്തിയതിന്‍റെ രക്ഷാകർതൃത്വവും സംസ്ഥാന സർക്കാറിനാണെന്ന് നഡ്ഡ ആരോപിച്ചു. കേരളത്തിന് ആവശ്യത്തിന് കേന്ദ്രസഹായം കിട്ടുന്നില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ എപ്പോഴും പരാതിപ്പെടുന്നത്. എന്നാൽ, കോടിക്കണക്കിന് രൂപയുടെ കേന്ദ്ര പദ്ധതികൾ വ്യക്തിപരമായും അല്ലാതെയും കേരളജനതക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിൽ പാർട്ടിക്ക് മികച്ച ഭാവിയുണ്ട്. വിദൂരമല്ലാത്ത ഭാവിയിൽ കരുത്തുറ്റ ശക്തിയാകുമെന്നും നഡ്ഡ കൂട്ടിച്ചേർത്തു. ബി.ജെ.പി ജില്ല പ്രസിഡന്റ് വി.കെ. സജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, കേരളത്തിന്‍റെ ചുമതലയുള്ള സി.പി. രാധാകൃഷ്ണൻ, ദേശീയ വൈസ് പ്രസിഡന്റും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ.പി. അബ്ദുല്ലക്കുട്ടി തുടങ്ങി നിരവധി നേതാക്കൾ സംബന്ധിച്ചു.

കേരളത്തിൽ നടക്കുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ നിരീക്ഷിച്ചുവരുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ കൊണ്ടോട്ടിയിൽ പറഞ്ഞു. കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹികവിരുദ്ധ സംഘടനകളും നിരീക്ഷണ പരിധിയിലുണ്ടെന്നും കേരള സന്ദർശനത്തിനെത്തിയ അദ്ദേഹം പറഞ്ഞു. ബി.ജെ.പി മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിപ്പൂർ വിമാനത്താവള പരിസരത്ത് സ്വീകരണം നൽകി. 

Tags:    
News Summary - Kerala is a breeding ground for Islamic extremists - JP Nadda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.