കോഴിക്കോട്: ബീഫ് നിരോധനം കർശനമായി നടപ്പിലാക്കിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇറച്ചിക്ക് പകരം ഉപയോഗിക്കുന്നത് കേരളത്തിൽ നിന്നുള്ള ചക്കവിഭവം. പാകമാവാത്ത ചക്കയെ സംസ്കരിച്ചാണ് ചക്കയെ ഇറച്ചി പോലുള്ള വിഭവമായി മാറ്റുന്നത്. ‘മരത്തിൽ പൂക്കുന്ന ഇറച്ചി’ എന്ന പേരിലാണ് ഇൗ വിഭവം വിപണിയിൽ അറിയപ്പെടുന്നത്.
കിലോക്ക് 80 മുതൽ 100 രൂപ വരെയാണ് വില. കേരളത്തിലെ കാപ്പിത്തോട്ടങ്ങളിൽ നിന്നാണ് മുംബൈ, ഒറീസ, ഇൻഡോർ, മൈസൂർ, ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ചക്ക കയറ്റി അയക്കുന്നത്. വയനാട്ടിൽ നിന്നാണ് ഇൗ വർഷം ഏറ്റവും കൂടുതൽ ചക്ക കയറ്റുമതി ചെയ്തിരിക്കുന്നതെന്നാണ് കൃഷി വകുപ്പ് നൽകുന്ന വിവരം. ഡിസംബർ മുതൽ ഏപ്രിൽവരെയായി ഏതാണ്ട് 400 ടൺ ചക്ക കയറ്റി അയച്ച് കഴിഞ്ഞു.
കാപ്പിത്തോട്ടങ്ങളിൽ ശക്തമായ സൂര്യപ്രകാശത്തെ തടയാനാണ് കർഷകർ പ്ലാവ്, മാവ് തുടങ്ങിയ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത്. ഇത് വളർന്ന് പാകമാവുന്നതോടെ കായ്ക്കാൻ തുടങ്ങും. എന്നാൽ, ചക്ക പാകമാവാൻ കാത്തിരുന്നാൽ കാട്ടാനക്കൂട്ടം മണം പിടിച്ച് കൂട്ടമായി ചക്ക തിന്നാൽ തോട്ടത്തിലെത്തും. ചക്ക തിന്നാനുള്ള വ്യഗ്രതയിൽ ഇവറ്റകൾ കാപ്പികൃഷിയും നശിപ്പിക്കുമെന്നാണ് കർഷകർ പറയുന്നത്. ഇത് മുൻകൂട്ടി കണ്ടാണ് പാകമാവുന്നതിന് മുമ്പ് ചക്കകൾ പറിച്ചിടുന്നത്.
ആദ്യ ഘട്ടത്തിൽ ആവശ്യക്കാരില്ലാത്തതിനാൽ കൃഷിയിടത്തിൽ തന്നെ ചീഞ്ഞുനാറുകയാണ് പതിവ്. നാട്ടിൽ പുല്ലുവിലയായി കണ്ടിരുന്ന ചക്കക്ക് പൊന്നും വില കിട്ടുമെന്നറിഞ്ഞതോടെ ആവശ്യക്കാരും ഏറിയിരിക്കുകയാണെന്നാണ് കർഷകർ പറയുന്നത്. പാകമാവാത്ത ചക്ക കിലേക്ക് 10 രൂപ വെച്ച് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന ചക്ക കിലോക്ക് 18 രൂപക്കാണ് ഇടനിലക്കാർ വാങ്ങുന്നത്. തുടർന്നാണ് ഇവ സംസ്കരണത്തിനായി കൊണ്ടു പോകുന്നത്. പാകമായ ചക്കകൾ ജ്യൂസായി വിദേശത്തേക്ക് കയറ്റി അയക്കുന്നുമുണ്ട്.
വലിയ ലോറികളിൽ നിറച്ച് മുകളിൽ െഎസ് കട്ടകൾ നിറച്ചാണ് ചക്കകൾ കൊണ്ടു പോകുന്നത്. ദിവസങ്ങൾ നീളുന്ന യാത്രക്കിടയിൽ ചക്ക ചീഞ്ഞു പോകാതിരിക്കാനാണ് െഎസ് കട്ടകൾ വെക്കുന്നത്. വയനാട്ടിലെ മീനങ്ങാടി, മാനന്തവാടി, ഇരുളം എന്നിവിടങ്ങളിൽ നിന്നും കർണാടകയിലെ കൊടക് എന്നിവിടങ്ങളിലെ കാപ്പിത്തോട്ടങ്ങളിലാണ് ഏറ്റവും കൂടുതൽ പ്ലാവുകളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.