രേഖയിലില്ലാത്ത അധിക ഭൂമി ക്രമപ്പെടുത്തൽ നിയമം: നാല് അതിര്‍ത്തിയിലുള്ളവരുടെ സമ്മതപത്രം വേണം, പുതിയ വ്യവഹാരത്തിന് വഴിതുറക്കും

തിരുവനന്തപുരം: ഡിജിറ്റൽ റീ സര്‍വേ പൂർത്തിയാകുമ്പോൾ അധികമായുള്ള ഭൂമി കൈവശക്കാരന് ക്രമപ്പെടുത്തി നല്‍കാനുള്ള നിയമനിര്‍മാണം പുതിയ ഭൂമിവ്യവഹാരത്തിന് വഴിതുറക്കും. കൂടാതെ വ്യാപക ക്രമക്കേടിനും ഭൂമി ദുരുപയോഗത്തിനും ഇടയാക്കുമെന്നും ആശങ്ക.

അധിക ഭൂമി കൈവശക്കാരന് ക്രമപ്പെടുത്തി നല്‍കുന്ന നിയമം പ്രാബല്യത്തിലായാല്‍ ഭൂമിയുടെ അളവുകളിൽ വ്യാപക പരാതികളാവും ഉയരുക. റീ സര്‍വേയിലെ ഭൂമിയുടെ അളവും പേരും അടക്കമുള്ള വ്യത്യാസങ്ങളുമായി ബന്ധപ്പെട്ട് നിലവില്‍ 1.14 ലക്ഷം പരാതി തീര്‍പ്പാക്കാനുണ്ട്. റീ സര്‍വേ നടപടി പൂര്‍ത്തിയായ 900ത്തോളം വില്ലേജുകളിലാണ് ഈ പരാതി. കൂടുതലും ഭൂമിയുടെ വിസ്തീര്‍ണവുമായി ബന്ധപ്പെട്ടതാണ്.

ആധാരത്തില്‍ പറയുന്നതിനേക്കാളും ഭൂമി ഉണ്ടെങ്കിൽ അധികഭൂമി കൈവശക്കാര‍െൻറ പേരില്‍ ക്രമപ്പെടുത്തി നല്‍കാൻ 'കേരള വെസ്റ്റിങ് ആന്‍ഡ് ലാന്‍ഡ് അസൈന്‍മെന്‍റ് ആക്ടി‍െൻറ' കരടിന് റവന്യൂ വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. റീ സര്‍വേ രേഖ പ്രകാരം കൈവശമുള്ള അധിക ഭൂമി നിശ്ചിതതുക നൽകി കരം അടച്ച് കൈവശംവെക്കാൻ അനുമതി നല്‍കുന്നതാണ് നിയമം. നാല് അതിര്‍ത്തിയിലുള്ളവരുടെയും സമ്മതപത്രം ഉടമസ്ഥാവകാശം നല്‍കുന്നതിനായി വേണ്ടിവരും.

തഹസില്‍ദാര്‍ തലത്തിലുള്ള ഉദ്യോഗസ്ഥന് ഇതിന് അധികാരമുണ്ടാവും. സർക്കാർ പുറമ്പോക്കാണ് തൊട്ടടുത്തതെങ്കിൽ അധികഭൂമി ക്രമപ്പെടുത്തി നല്‍കേണ്ടതില്ലെന്നും കരട് നിയമം പറയുന്നു.

അധിക ഭൂമി രണ്ടോ മൂന്നോ പ്ലോട്ട് അപ്പുറമുള്ളയാളുടേതാകാം. എന്നാല്‍, പുതിയ നിയമത്തില്‍ അദ്ദേഹത്തി‍െൻറ അനുമതി ആവശ്യമായി വരുന്നില്ല. തൊട്ടടുത്തുള്ള ഭൂ ഉടമയുടെ അനുമതി മാത്രം തേടാനാണ് നിയമം നിര്‍ദേശിക്കുന്നത്. വിവിധ സ്ലാബുകളായി തിരിച്ചാകും ഉടമസ്ഥാവകാശം വിട്ടുനല്‍കുന്നതിന് ശിപാര്‍ശ ചെയ്യുന്നത്. അഞ്ച് സെന്‍റുവരെ കൈവശമുള്ള അധികഭൂമി ക്രമപ്പെടുത്താന്‍ ഫീസ് വേണ്ട. തുടർന്നുള്ള വിവിധ സ്ലാബുകളിൽ ന്യായവിലയുടെ നിശ്ചിതശതമാനം അടക്കേണ്ടിവരും. അന്തിമമായി ഇത് ഭൂ രേഖകളില്‍ കൂടുതല്‍ കുരുക്കുണ്ടാക്കാനും നിയമനടപടികളിലേക്ക് കടക്കാനും വഴിയൊരുക്കുമെന്നാണ് ആശങ്ക.

Tags:    
News Summary - Kerala Land Assignment Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.