തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമ പരിധിയില്‍നിന്ന് കൂടുതല്‍ ഇളവ് അനുവദിക്കാനുള്ള മാനദണ്ഡം തയാറാക്കാന്‍ റവന്യൂ വകുപ്പിന് സര്‍ക്കാര്‍ അനുമതി. കൂടുതൽ ഇളവുകൾ വരുന്നതോടെ സ്വകാര്യ സംരംഭകര്‍ക്ക് വ്യവസായ-വിദ്യാഭ്യാസ-ധാര്‍മിക ആവശ്യങ്ങള്‍ക്കായി 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെക്കാം. ഭൂപരിഷ്‌കരണ നിയമപ്രകാരം 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശംവെക്കാനാവില്ല.
പദ്ധതികളിലെ നിക്ഷേപം, തൊഴില്‍സാധ്യത എന്നിവയുമായി ബന്ധപ്പെട്ടാകും എത്ര ഭൂമിവരെ കൈവശംവെക്കാമെന്ന മാനദണ്ഡം തയാറാക്കുക. പുതിയ മാനദണ്ഡം വരുമ്പോള്‍ സംരംഭകരുടെ അപേക്ഷ പരിശോധിക്കാന്‍ മന്ത്രിതല സമിതി വരും. സമിതി റിപ്പോര്‍ട്ട് മന്ത്രിസഭകൂടി ചര്‍ച്ചചെയ്ത ശേഷമാകും അന്തിമാനുമതി നല്‍കുക. റവന്യൂ മന്ത്രി, പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പിലെ മന്ത്രി, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവര്‍ അടങ്ങുന്നതാണ് സംസ്ഥാനതല സമിതി.
ഒരേക്കര്‍ സ്ഥലത്ത് 10 കോടിയുടെ മുതല്‍മുടക്കുള്ളതും 20 പേര്‍ക്കെങ്കിലും തൊഴിൽ നല്‍കുന്നതുമായ വ്യവസായ-ആരോഗ്യ-വിനോദ സഞ്ചാര-ഐ.ടി സംരംഭങ്ങള്‍ക്ക് ഭൂപരിധിയില്‍ ഇളവ് നല്‍കാമെന്ന് സര്‍ക്കാര്‍ 2012ല്‍ ഉത്തരവിറക്കിയിരുന്നു. ഇത്തരത്തില്‍ ഭൂമി നല്‍കുന്നത് ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമല്ലെന്ന നിയമോപദേശം ലഭിച്ചിരുന്നു. ഇതിന് അനുബന്ധമായി 2015ല്‍ ഇറങ്ങിയ ഉത്തരവില്‍ 300 കോടി മുതല്‍മുടക്കും 500 പേര്‍ക്ക് തൊഴിലും നല്‍കണമെന്ന് നിർദേശിച്ചെങ്കിലും എത്ര ഏക്കര്‍ ഭൂമി കൈവശംവെക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് 2012ലെയും 2015ലെയും ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ മാനദണ്ഡം വിജ്ഞാപനം ചെയ്യാന്‍ തീരുമാനിച്ചത്. സമയപരിധിക്കകം ഭൂമി ഉപയോഗിച്ചില്ലെങ്കില്‍ ഇളവ് നഷ്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.