പ്രതിഷേധങ്ങൾക്കിടെ ലക്ഷദ്വീപിൽ കേരള മദ്യം

കോഴി​ക്കോട്: പ്രതിഷേധങ്ങൾ പരിഗണിക്കാതെ ലക്ഷദ്വീപിൽ ഇനി കേരള മദ്യം ലഭിക്കും. മദ്യനിരോധിത മേഖലയായ ലക്ഷദ്വീപിൽ മദ്യവിൽപന ആരംഭിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് നടന്നത്. ഇത് കണക്കിലെടുക്കാതെ കേരളത്തിൽ നിന്ന് ഇന്ത്യൻനിർമിത വിദേശമദ്യവും ബിയറുമെത്തിയിരിക്കുകയാണ്.

ബംഗാരം ദ്വീപിലാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽനിന്ന് കപ്പൽമാർഗം 267 കെയ്‌സ് മദ്യമെത്തിച്ചത്. ഇതിൽ, 80 ശതമാനവും ബിയറാണ്. സംസ്ഥാന ബീവറേജസ് കോർപ്പറേഷൻ വഴിയാണ് ലക്ഷദ്വീപിലേക്ക് ചരിത്രത്തിലാദ്യമായി മദ്യമെത്തുന്നത്. നിലവിൽ, 21 ലക്ഷത്തിന്റെ വിൽപ്പനയാണ് നടന്നത്.

ഇന്ത്യൻനിർമിത വിദേശമദ്യവും ബിയറും വിദേശനിർമിത വിദേശമദ്യവും കയറ്റിയയക്കാൻ ബിവ​റേജസ് കോർപ്പറേഷന് സർക്കാർ അനുമതിനൽകിയിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനു കീഴിൽ വിനോദസഞ്ചാരം കൈകാര്യംചെയ്യുന്ന ‘സ്‌പോർട്‌സി’ന്റെ അപേക്ഷ പരിഗണിച്ചാണ് അനുമതി നൽകിയത്.

215 കെയ്‌സ് ബിയറും 39 കെയ്‌സ് വിദേശമദ്യവും 13 കെയ്‌സ് ഇന്ത്യൻനിർമിത വിദേശമദ്യവുമാണ് ആദ്യമായെത്തിയത്. വിനോദസഞ്ചാരത്തിന് മാത്രമായുള്ള ബംഗാരം ദ്വീപിൽ മാത്രമാണിപ്പോൾ മദ്യം വിതരണം ചെയ്യുക. മറ്റു ദ്വീപുകൾ മദ്യനിരോധിത മേഖലയായി തുടരും.

അഗത്തി ദ്വീപിനോടുചേർന്ന് ആൾത്താമസമില്ലാത്ത 120 ഏക്കറിലുള്ള ബംഗാരത്ത് കോട്ടേജുകളും ഹട്ടുകളുമാണ് വിനോദസഞ്ചാരികൾക്കായുള്ളത്. വിദേശ വിനോദസഞ്ചാരികളാണിവിടെ കൂടുതലും എത്തുന്നത്.

ഒറ്റത്തവണ അനുമതിയായാണ് മദ്യമെത്തിച്ചിരിക്കുന്നത്. കൺസ്യൂമർ ഫെഡിനും ബാറുകൾക്കും നിരക്കിൽ ലഭിക്കുന്ന 20 ശതമാനം ഇളവ് ‘സ്‌പോർട്‌സി’നും ലഭിക്കും. എന്നാൽ, മദ്യമെത്തുന്നതിനെതിരെ നാട്ടുകാരിൽ നിന്നും വലിയ എതിർപ്പാണുള്ളത്. 

Tags:    
News Summary - Kerala liquor now available in Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.