പൊതുവിതരണത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം ആവശ്യപ്പെടണം –മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിതരണസംവിധാനം ശക്തിപ്പെടുത്താന്‍ ആവശ്യമായത്രയും ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്‍റ് സമ്മേളനത്തിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

14.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് ഇപ്പോള്‍ കേന്ദ്രം അനുവദിക്കുന്നത്. ഇതു പരിമിതമാണ്. മുന്‍ഗണനവിഭാഗത്തില്‍പ്പെട്ട 154.8 ലക്ഷം പേര്‍ക്കു മാത്രമായി 10.25 ലക്ഷം മെട്രിക് ടണ്‍ വേണം. ബാക്കിയുള്ളതുകൊണ്ട് മറ്റുവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ സര്‍ക്കാറിന് സാധിക്കില്ല. ഈ സാഹചര്യത്തില്‍ 16.01 ലക്ഷം മെട്രിക് ടണ്‍ ധാന്യങ്ങള്‍ ലഭ്യമാക്കാന്‍ എം.പിമാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദേശീയ ഭക്ഷ്യഭദ്രതാനിയമം ഫലപ്രദമായി നടപ്പാക്കണമെങ്കില്‍ പഞ്ചസാരയുടെ അളവിലും വര്‍ധനവേണമെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഇതിനായി 2,300 മെട്രിക് ടണ്‍ പഞ്ചസാര കൂടുതലായി ലഭിക്കേണ്ടതുണ്ട്. ഓണക്കാലത്ത് എല്ലാ കാര്‍ഡ് ഉടമകള്‍ക്കും 3,600 മെട്രിക് ടണ്‍ പഞ്ചസാരയാണ് കേന്ദ്രം അനുവദിക്കുന്നത്. ഇത് 8,300 ആയി വര്‍ധിപ്പിക്കാന്‍ എം.പിമാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഹകരണമേഖലയിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ ഇടപെടല്‍ നടത്തണം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനുള്ള (എയിംസ്) സ്ഥലം കണ്ടത്തെിയ സാഹചര്യത്തില്‍ അതു യാഥാര്‍ഥ്യമാക്കാന്‍ നടപടി ത്വരിതഗതിയിലാക്കണം. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയുടെ അംഗീകൃത ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയ 133 കിലോമീറ്റര്‍ റോഡിനുപകരം പുതിയ റോഡുകള്‍ അനുവദിപ്പിക്കാന്‍ ശ്രമിക്കണം. തോട്ടം തൊഴിലാളികള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ ഭവനപദ്ധതിക്ക് കേന്ദ്രസഹായം ലഭ്യമാകുമോ എന്ന് അന്വേഷിക്കണം. റബര്‍ പ്രതിസന്ധി ഒരു പരിധിവരെ തരണം ചെയ്യാന്‍ റബറിനെ ഒരു കാര്‍ഷിക ഉല്‍പന്നമായി പുനഃനിര്‍ണയം നടത്തണം.

റബര്‍ വിലസ്ഥിരത പദ്ധതിക്ക് കേന്ദ്രസഹായം ലഭ്യമാക്കുക. റബറിന്‍െറ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമോ എന്നു പരിശോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. കേരളത്തിന്‍െറ സമഗ്രവികസനത്തിന് കക്ഷിരാഷ്ട്രീയത്തിനതീതമായി എം.പിമാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ വകുപ്പു മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - kerala mps meeeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.