ന്യൂഡൽഹി: എൽ.ഐ.സി അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുകളയാനുള്ള വ്യഗ്രതയാണ് ബജറ്റിൽ കാണുന്നതെന്ന് കെ. മുരളീധരൻ കുറ്റപ്പെടുത്തി. നികുതി വരുമാനത്തിന്റെ ഗണ്യമായ വർധന ഉണ്ടായിട്ടും സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്ന പുതിയ പദ്ധതികളൊന്നുമില്ലാത്ത ബജറ്റാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് ചൂണ്ടിക്കാട്ടി.
ആത്മ നിർഭർ ഭാരതും, മേക്കിങ് ഇന്ത്യയും ഉപേക്ഷിച്ചിട്ട് പി.എം ഗതി ശക്തി എന്ന പദപ്രയോഗം കൊണ്ട് രാജ്യത്തെ തൊഴിലില്ലാത്ത ജനതയെ കബളിപ്പിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് എം. ആരിഫ് പ്രതികരിച്ചു.കേരളത്തിൽ തെരഞ്ഞെടുപ്പ് സമയമല്ലാത്തതു കൊണ്ടാവും കേരളത്തെ പരിഗണിക്കാതിരുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. 25 വര്‍ഷക്കാലത്തേയ്ക്കുള്ള രാജ്യത്തിന്റെ വികസന രേഖയായാണ് ധനമന്ത്രി ആമുഖത്തില്‍ എടുത്തുപറഞ്ഞതെന്നും എന്നാൽ ബജറ്റ് മുഴുവന്‍ കഴിഞ്ഞിട്ടും ഒരുകാര്യവും അതില്‍ കണ്ടില്ലെന്നുമായിരുന്നു എം.വി. ശ്രേയാംസ് കുമാറിന്റെ പ്രതികരണം.
രാജ്യത്തെ ജനങ്ങൾക്കുണ്ടായ പ്രതിസന്ധിയും സാമ്പത്തിക നഷ്ടവും പരിഹരിക്കുന്നതിന് വേണ്ടിയിട്ടുള്ള ക്രിയാത്മകമായ ഒരു നിർദേശവും ധനമന്ത്രിയുടെ ബജറ്റിൽ പ്രതിപാദിച്ചിട്ടില്ലെന്ന് ബെന്നി ബെഹനാൻ പറഞ്ഞു. സമൂഹത്തിലെ ഒരു ജനവിഭാഗത്തിനും ഒരു പ്രതീക്ഷയും നൽകാത്തതാണ് ബജറ്റെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കോ, കോവിഡ് മുഖാന്തരം മരണപ്പെട്ടവർക്ക് പ്രത്യേക ധനസഹായങ്ങളോ നഷ്ടപരിഹാരങ്ങളോ, കോവിഡാനന്തര കാലഘട്ടത്തിൽ സമ്പദ്ഘടന പുനഃസ്ഥാപിക്കാൻ ഒരുവിധ പ്രഖ്യാപനങ്ങളോ സഹയങ്ങളോ ഇല്ലാത്തത് നിരാശാജനകമാണെന്നായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അവഗണിക്കുകയും സാധാരണക്കാരുടെ അവശതകൾക്ക് നേരെ കണ്ണടക്കുകയും ചെയ്യുന്ന ബജറ്റാണെന്നായിരുന്നു ഡോ.എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് പൊതുവായി കിട്ടുന്ന വിഹിതത്തിനു പുറമേ കേരളത്തിനായി പ്രത്യേകിച്ച് പ്രഖ്യാപനങ്ങളൊന്നുമില്ലെന്നും എയിംസ് ഇത്തവണയും പരിഗണിച്ചില്ലെന്നും എ.കെ. രാഘവൻ പ്രതികരിച്ചു. സാധാരണക്കാര്‍ക്കായി കൊട്ടിഘോഷിച്ച് അവതരിപ്പിച്ച പ്രധാനമന്ത്രി ആവാസ് യോജനക്ക് 48,000 കോടി മാത്രമാണ് അനുവദിച്ചതെന്നും ഈതുക 80 ലക്ഷം കക്കൂസുണ്ടാക്കാന്‍ പോലും തികയില്ലെന്ന് ഡോ.വി. ശിവദാസൻ കുറ്റപ്പെടുത്തി. വിവാദമായ മൂന്ന് കാർഷിക ബില്ലുകൾ പിൻവലിച്ച്, അതിലടങ്ങിയിരുന്ന കരിനിയമങ്ങൾ ബജറ്റിലൂടെ പ്രാവർത്തികമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ പഴയ വാഗ്ദാനങ്ങൾ പൊടി തട്ടിയെടുത്ത ബജറ്റാണ് ഇതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. രാജ്യം ശ്രദ്ധയോടെ ഉറ്റുനോക്കിയിരുന്ന ബജറ്റ് പ്രസംഗങ്ങൾ കേവലം പ്രഖ്യാപന പ്രസംഗങ്ങളാക്കി ബി.ജെ.പി സർക്കാർ മാറ്റിയെന്ന് രമ്യ ഹരിദാസും രാജ്യം വിറ്റ് തുലയ്ക്കാനുള്ള പച്ചക്കൊടി മാത്രമായേ ബജറ്റിനെ കാണാൻ കഴിയുകയുള്ളൂ എന്ന് വി.കെ. ശ്രീകണ്ഠനും പറഞ്ഞു. സ്വകാര്യവത്കരണത്തിന് ഊന്നല്‍ നല്‍കുന്നതും കോര്‍പറേറ്റുകളെ സഹായിക്കുന്നതുമാണ് ബജറ്റെന്ന് എളമരം കരീം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.