നിയമനിര്‍മാണം നടത്തി അവകാശങ്ങള്‍ കവരുന്നു –പ്രഫ. രാമകൃഷ്ണന്‍

തേഞ്ഞിപ്പലം: മുസ്ലിംകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിയമനിര്‍മാണങ്ങളിലൂടെയും ഭരണപരമായ നടപടികളിലൂടെയും കവര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ജെ.എന്‍.യുവിലെ പ്രഫസര്‍ എ.കെ. രാമകൃഷ്ണന്‍. യു.എ.പി.എ പോലുള്ള നിയമനിര്‍മാണം വഴി  മുസ്ലിം യുവാക്കള്‍ക്ക് പൗരാവകാശങ്ങള്‍ ബാധകമാകാത്ത സാഹചര്യത്തിലേക്കാണ് രാജ്യം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ഇസ്ലാമോഫോബിയ അന്താരാഷ്ട്ര സമ്മേളനത്തിന്‍െറ രണ്ടാം ദിവസം നടന്ന പാനല്‍ ഡിസ്കഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാംഭീതിയുടെ ദീര്‍ഘകാല ചരിത്രമാണ് ഇന്ത്യക്കുള്ളത്. ഇസ്ലാമിനെയും മുസ്ലിമിനെയും പുറത്തു നിര്‍ത്തിയാണ് ദേശീയതയുടെ രൂപവത്കരണം പോലുമുണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. പോര്‍ചുഗീസുകാരുടെ വരവുമുതല്‍ തുടങ്ങുന്നതാണ് കേരളത്തിലെ ഇസ്ലാംഭീതിയുടെ ചരിത്രമെന്ന് ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ അസി. പ്രഫസര്‍ എം.ടി. അന്‍സാരി അഭിപ്രായപ്പെട്ടു. ഗുജറാത്ത് കലാപത്തില്‍ പീഡിപ്പിക്കപ്പെട്ട മുസ്ലിം സ്ത്രീകള്‍ക്കു വേണ്ടി ഒന്നും പറയാതെ മുത്തലാഖുമായി ബന്ധപ്പെട്ട് വാചാലമാവുന്നത് കാപട്യമാണെന്ന് ഇഫ്ളുവിലെ അസി. പ്രഫസര്‍ ബി.എസ്. ഷെറിന്‍ പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം പോലും സവര്‍ണ ഹിന്ദുത്വത്തെ ഒപ്പം കൂട്ടിയതായി സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ശഹീന്‍ കെ. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു.

ഉച്ചക്കുശേഷം നടന്ന സെഷനില്‍ ഡോ. കെ.എസ്. മാധവന്‍ അധ്യക്ഷത വഹിച്ചു. ഇന്‍റര്‍ഫെയ്ത്ത് ഡയലോഗ് സെക്രട്ടറി വി.എ.എം. അഷ്റഫ്, മുഹമ്മദ് ഷാ, താഹിര്‍ ജമാല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. യാസീന്‍ അശ്റഫ്, കെ.പി. സേതുനാഥ്, മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വൈകീട്ട് നടന്ന സെഷനില്‍ ഐ.പി.എച്ച് അസി. ഡയറക്ടര്‍ കെ.ടി. ഹുസൈന്‍, വി. ഹിക്മത്തുല്ല, ശഹീന്‍ കെ. മൊയ്തുണ്ണി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന സമിതിയംഗം ടി. മുഹമ്മദ് വേളം, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ മൂന്നു ദിവസമായി നടക്കുന്ന സമ്മേളനത്തിന്‍െറ സമാപന ചടങ്ങ് ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ. പി.എ. ഫസല്‍ ഗഫൂര്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, ടി. ശാക്കിര്‍, എ.പി. അബ്ദുല്‍ വഹാബ്  പങ്കെടുക്കും.

Tags:    
News Summary - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.