കോഴിക്കോട്: സമസ്ത മുശാവറ യോഗത്തിൽ അംഗങ്ങൾ തമ്മിലുണ്ടായ വാഗ്വാദം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് യോഗത്തിലും വിഷയമായി. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗത്തിൽ എം.സി. മായിൻ ഹാജിയാണ് വിഷയം ഉയർത്തിയത്. സർവരും ബഹുമാനിക്കുന്ന മുശാവറ അംഗങ്ങൾക്കിടയിലുണ്ടായ വാക്കേറ്റവും സമസ്ത ട്രഷറർ കൊയ്യോട് ഉമ്മർ മുസ്ലിയാരുടെ തലപ്പാവ് തെറിപ്പിക്കലും സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നത് മുശാവറക്ക് അവമതിപ്പ് സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുശാവറയിലുണ്ടായ സംഭവം സമസ്ത പ്രവർത്തകർക്കിടയിൽ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. പാവനമായ മുശാവറയുടെ അന്തസ്സിന് ചേരാത്ത പ്രവർത്തനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എ.വി. അബ്ദുറഹ്മാൻ മുസ്ലിയാരുടെ പേരെടുത്ത് പറയാതെ മായിൻഹാജി ആവശ്യപ്പെട്ടു. മുശാവറയിൽ അത്തരം സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ആരുടെയും പേരും ഒപ്പുമില്ലാതെ സമസ്തയുടെ പേരിൽ ഒരു കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായും മായിൻ ഹാജി ചൂണ്ടിക്കാട്ടി.
എന്നാൽ, യോഗ അധ്യക്ഷൻ ജിഫ്രി തങ്ങൾ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ മൗനം പാലിച്ചു. അതേസമയം, മുശാവറ യോഗത്തിൽ അത്തരം സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നുപറയാൻ തനിക്കാവില്ലെന്ന് ഡോ. ബഹാഉദ്ദീൻ നദ്വി കൂരിയാട് തുറന്നടിച്ചു. മായിന്‍ ഹാജി പറഞ്ഞത് വസ്തുതയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് താൻ സാക്ഷിയാണ്. തനിക്ക് കളവുപറയാനാകില്ല. മുശാവറയുടെ ചരിത്രത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ മറ്റാരും സംസാരിക്കാൻ തയാറാവാതിരുന്നതിനാൽ തുടർചർച്ച ഉണ്ടായില്ല. സമസ്തയുടെ നൂറാം വാർഷികം കാന്തപുരം വിഭാഗം ആഘോഷിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കണമെന്ന അഭിപ്രായമുണ്ടായി.
യഥാർഥ സമസ്ത തങ്ങളുടേതാണെന്ന് അവകാശപ്പെട്ടാണ് ഇരുവിഭാഗവും നൂറാം വാർഷികത്തിന് ഒരുങ്ങുന്നത്. സമസ്ത ഇ.കെ വിഭാഗം നൂറാം വാർഷിക ഉദ്ഘാടന സമ്മേളനം ജനുവരി 28ന് ബംഗളൂരുവിലും കാന്തപുരം വിഭാഗത്തിന്റെ വാർഷിക പ്രഖ്യാപന സമ്മേളനം ഈ മാസം 30ന് കാസർകോട്ടുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങളും സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വാദപ്രതിവാദമാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.