പ്രതിപക്ഷ ബഹളം: സഭാ സമ്മേളനം വെട്ടിച്ചുരുക്കി; വീണ്ടും 17ന് ചേരും

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെടുത്തിയതിനെ തുടർന്ന് ഇന്നത്തെയും വ്യാഴാഴ്ചത്തെയും സഭാ നടപടികൾ വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞു. പൂജ അവധി അടക്കം 11 ദിവസങ്ങൾ കഴിഞ്ഞ് ഒക്ടോബർ 17ന് സഭാ വീണ്ടും സമ്മേളിക്കും. വ്യാഴാഴ്ചത്തെ സഭാ നടപടികൾ വെട്ടിച്ചുരുക്കുന്നതിനുള്ള പ്രമേയം മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചു. പ്രമേയത്തിന് അംഗീകാരം നൽകിയതോടെ സഭാ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു.

തന്‍റെ പിടിവാശിയല്ല സ്വാശ്രയ പ്രശ്നം പരിഹരിക്കാത്തതെന്ന് പിണറായി വിജയൻ പറഞ്ഞു. തന്നെ അധിക്ഷേപിച്ചതു കൊണ്ട് പ്രശ്നം പരിഹരിക്കില്ല. 30 കുട്ടികൾക്ക് വേണ്ടിയാണോ സഭാ നടപടികൾ സ്തംഭിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രശ്നം പരിഹരിക്കാനായി സർക്കാർ നിർദേശങ്ങളൊന്നും മുന്നോട്ടുവെക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. മാനേജ്മെന്‍റുകൾ നിർദേശം വെച്ചാൽ സ്വീകരിക്കുമെന്നാണ് പ്രതിപക്ഷത്തെ അറിയിച്ചത്. വിഷയത്തിൽ സർക്കാറിന് പിടിവാശിയില്ലെന്നും പിണറായി വ്യക്തമാക്കി.

രാവിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു ചോദ്യോത്തരവേള നിർത്തിവെച്ചിരുന്നു. സഭാ നടപടികൾ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്നു. സ്പീക്കറുടെ അനുനയ ശ്രമങ്ങൾ ഫലിക്കാതെ വന്നതോടെ മൂന്നു മിനിട്ടിനുള്ളിൽ തന്നെ ചോദ്യോത്തരവേള നിർത്തിവെച്ചു. ബാനറുകളും പ്ലകാർഡുകളും ഉ‍യർത്തി പിടിച്ചായിരുന്നു പ്രതിപക്ഷ ബഹളം.

സഭാനടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭ്യർഥിച്ചു. ചോദ്യോത്തരവേളയുമായി സഹകരിക്കണമെന്നും സഭക്ക് പുറത്ത് പ്രതിഷേധം തുടരാമെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാൽ, സ്പീക്കറുടെ അഭ്യർഥന പ്രതിപക്ഷം തള്ളുകയായിരുന്നു. തുടർന്നു മുഖ്യമന്ത്രിയുമായി സ്പീക്കർ കൂടിക്കാഴ്ച നടത്തി. ഇന്നത്തെയും വ്യാഴാഴ്ചത്തെയും നടപടികൾ പൂർത്തിയാക്കി സഭാ പിരിയാൻ തീരുമാനിക്കുകയായിരുന്നു.

സഭാ സമ്മേളനം വെട്ടിച്ചുരുക്കിയ പശ്ചാത്തലത്തിൽ തുടർ സമരത്തെ കുറിച്ച് ആലോചിക്കാൻ ഇന്ന് യു.ഡി.എഫ് യോഗം ചേരുന്നുണ്ട്. 11 ദിവസം നിയമസഭ അവധിയായതിനാൽ എം.എൽ.എമാരുടെ നിരാഹാര സമരം സെക്രട്ടറിയേറ്റിന് മുമ്പിലേക്ക് മാറ്റിയേക്കും. ഒക്ടോബർ 17ന് വീണ്ടും ചേരുമ്പോൾ സമരം നിയമസഭാ കവാടത്തിലേക്ക് മാറ്റും.

സഭക്ക് അകത്തും പുറത്തും സമരവും പ്രതിഷേധവും ശക്തിപ്പെടുത്താൻ രാവിലെ ചേർന്ന യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ തീരുമാനിച്ചിരുന്നു. മെഡിക്കൽ കോഴ്സിന് ഫീസിളവും സ്കോളർഷിപ്പും അനുവദിക്കാൻ മാനേജ്മെന്‍റുകൾ തയാറായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍റെ കടുംപിടിത്തം എല്ലാം തകിടം മറിച്ചെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. അതിനാൽ, സർക്കാറുമായി സഹകരിക്കേണ്ടെന്നാണ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ ഉയർന്ന പൊതുവികാരം.

അതേസമയം, യു.ഡി.എഫ് എം.എൽ.എമാർ തുടരുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. വി.ടി ബലറാം, റോജി എം. ജോൺ എന്നിവരാണ് സമരം നടത്തുന്നത്. കൂടാതെ മുസ് ലിം ലീഗിലെ ടി.വി ഇബ്രാഹിമും പി. ഉബൈദുല്ലയും അനുഭാവ നിരാഹാരവും നടത്തുന്നുണ്ട്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഷാഫി പറമ്പിലിനെയും ഹൈബി ഈഡനെയും ബുധനാഴ്ച ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Tags:    
News Summary - kerala niyamasabha, udf mlas fast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.