സ്പീക്കറുടെ നടപടിക്ക് മറുതന്ത്രവുമായി പ്രതിപക്ഷം; അടിയന്തര പ്രമേയ വിഷയം ചോദ്യോത്തരവേളയിൽ ചോദിച്ചില്ല

തിരുവനന്തപുരം: ചോദ്യോത്തരവേളയിൽ പരിഗണിച്ച വിഷയമെന്നും കോടതിയുടെ മുമ്പിലുള്ള കേസുകളെന്നും ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയങ്ങൾക്ക് അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിക്ക് മറുതന്ത്രവുമായി പ്രതിപക്ഷം രംഗത്ത്.

ചോദ്യോത്തരവേളയിൽ പരിഗണിച്ച വിഷയമായ കെ.എസ്.ആർ.ടി.സി ശമ്പള വിതരണം സംബന്ധിച്ച വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ സ്പീക്കർ എ.എൻ ഷംസീർ ഇന്നലെ അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച ചോദ്യം ഇന്ന് ചോദ്യോത്തരവേളയിൽ പ്രതിപക്ഷം ഉന്നയിച്ചില്ല.

ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് ഇന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതിപക്ഷത്തിന് വേണ്ടി ടി. സിദ്ധീഖ് ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

തുടർച്ചയായ രണ്ടാംദിനവും അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് ഇന്നലെ പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ചിരുന്നു. ജീവനക്കാരുടെ വേതനം ഉൾപ്പെടെ കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള എം. വിൻസെൻറിന്‍റെ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചത്. കെ.എസ്.ആർ.ടി.സി ശമ്പളവിഷയം അന്തിമവിധിക്കായി ഹൈകോടതിയുടെ പരിഗണനയിലാണെന്നും ചോദ്യോത്തരവേളയിൽ വിഷയം വിശദ ചർച്ചക്ക് വന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി.

അടിയന്തര പ്രമേയത്തിന്‍റെ കാര്യത്തിൽ പ്രതിപക്ഷത്തിന്‍റെ അവകാശം ഹനിക്കാൻ സ്പീക്കർ കൂട്ടുനിന്നെന്നും ആവർത്തിച്ചാൽ ശക്തമായ സമരം തുടങ്ങുമെന്നും സഭ ബഹിഷ്കരണം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകിയത്. അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്‍റെ അവകാശമാണെന്നും ശ്രദ്ധക്ഷണിക്കലിലോ ചോദ്യോത്തരത്തിലോ വിഷയമാകുന്നതിന്‍റെ പേരിൽ അതേ വിഷയത്തിലുള്ള അടിയന്തരപ്രമേയ നോട്ടീസ് പരിഗണനക്കെടുക്കാത്തത് അവകാശ നിഷേധമാണെന്നും മുൻ റൂളിങ്ങുകൾ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

Tags:    
News Summary - Kerala Opposition against Speaker AN Shamseer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.