തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിയിലെ കുട്ടികളുടെ പങ്കാളിത്തത്തിൽ കേന്ദ്രത്തിന് സംശയം. എൽ.പി, യു.പിതലത്തിൽ ചേരുന്ന വിദ്യാർഥികളിൽ 97 ശതമാനവും പദ്ധതിയിലുണ്ടെന്ന കണക്കിലാണ് പ്രധാനമന്ത്രി പോഷൺ പദ്ധതിയുടെ പ്രോജക്ട് അപ്രൂവൽ ബോർഡ് സംശയം പ്രകടിപ്പിച്ചത്.
2023-24 വർഷത്തെ പദ്ധതി അംഗീകാരത്തിനായി കേരളം സമർപ്പിച്ച കണക്കിൽ പ്രീ പ്രൈമറി, എൽ.പി, യു.പിതലങ്ങളിൽ സ്കൂളിലുള്ള 29,77,348 കുട്ടികളിൽ 28,74,609 പേരും (97 ശതമാനം) പദ്ധതിയുടെ ഭാഗമാണെന്നാണ് കണക്ക് നൽകിയത്. ഇതിൽ എൽ.പിയിൽ 99 ശതമാനം കുട്ടികളും പദ്ധതിയിലുണ്ടെന്നാണ് കണക്ക്. പല ജില്ലകളിലും നൂറുശതമാനം കുട്ടികളും പദ്ധതിയുടെ ഭാഗമാണ്.
ഇത് അസംഭവ്യമാണെന്നാണ് പ്രോജക്ട് അപ്രൂവൽ ബോർഡ് യോഗം മിനിറ്റ്സിൽ രേഖപ്പെടുത്തിയത്. കേന്ദ്ര, സംസ്ഥാന പ്രതിനിധികൾ അടങ്ങിയ സംഘം ഏതാനും ജില്ലകളിൽ നേരിട്ട് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജൂലൈയിലോ ആഗസ്റ്റിലോ സംഘം കേരളത്തിലെത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയിട്ടില്ല.
സംസ്ഥാനത്ത് എൽ.പി, യു.പിതലങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ രക്ഷാകർത്താക്കളിൽനിന്ന് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമാകാൻ ഫോറം ഒപ്പിട്ടുവാങ്ങുന്നുണ്ടെന്നും ഇവരിൽ മഹാഭൂരിഭാഗവും പദ്ധതിയുടെ ഭാഗമാണെന്നുമാണ് ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.]
ഭൂരിഭാഗം വിദ്യാർഥികളും എല്ലാദിവസവും ഉച്ചഭക്ഷണം കഴിക്കുമ്പോൾ ചെറിയൊരു ശതമാനം ഇടവിട്ടുള്ള ദിവസങ്ങളിൽ സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിക്കുന്നവരാണ്. ഏത് സമയത്തും പരിശോധനക്ക് സജ്ജമാണെന്ന് കേന്ദ്രത്തെ അറിയിച്ചതായി വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചു.
2023 -24 വർഷത്തിൽ 478.96 കോടി രൂപയാണ് ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്രം അംഗീകരിച്ച തുക. ഇതിൽ 303.21 കോടി രൂപ കേന്ദ്രവിഹിതവും 175.75 കോടി സംസ്ഥാന വിഹിതവുമാണ്.-
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.