ആ മൂന്നു പെൺകുട്ടികൾ കരഞ്ഞുകൊണ്ട് ഓടിച്ചെന്നത് പൊലീസ് സ്റ്റേഷനിലേക്കാണ്, ഒരു നിമിഷം വൈകിയില്ല പരിഹാരമായി...

പൊലീസ് താരമാകുന്ന വാർത്തകൾ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് ഹോട്ടലില്‍ ഹാള്‍ടിക്കറ്റ് മറന്നുവച്ച വിദ്യാര്‍ഥികള്‍ക്ക് പൊലീസുകാര്‍ രക്ഷകരമായ വാര്‍ത്ത വന്നത്. പരീക്ഷയ്ക്കെത്തിയ ശേഷം മാത്രം ഹാള്‍ടിക്കറ്റ് കയ്യിലില്ലെന്ന് മനസിലാക്കിയ വിദ്യാര്‍ഥികള്‍ക്ക്, അവരുടെ ഹാള്‍ടിക്കറ്റ് നല്‍കാനായി 12 കിലോമീറ്റര്‍ ബുള്ളറ്റില്‍ പറന്നാണ് രണ്ട് പൊലീസുകാര്‍ എത്തിച്ചത്. ഇത്, വാര്‍ത്തയായതോടെ ഈ പൊലീസുകാര്‍ക്ക് സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ അഭിനന്ദന പ്രവാഹമായിരുന്നു. ഇപ്പോഴിതാ മറ്റൊരു പരീക്ഷാക്കഥ കേരളാ പൊലീസ് ത​െൻ പുറത്ത് വിട്ടിരിക്കയാണ്. പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇവര്‍ സംഭവം പങ്കുവച്ചിരിക്കുന്നത്. ഗതാഗതക്കുരുക്കില്‍ പെട്ട് പരീക്ഷ മുടങ്ങുമെന്നായ മൂന്ന് പെണ്‍കുട്ടികളെ പൊലീസ് ഇടപെട്ട് സ്കൂളിലെത്തിച്ച്, പരീക്ഷ എഴുതിച്ചുവെന്നതാണ് പുതിയ വാർത്ത.

കേരളാ പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പി​െൻറ പൂർണരൂപം:

ഗതാഗതക്കുരുക്കിൽ കുടുങ്ങി പരീക്ഷ മുടങ്ങുമെന്നായപ്പോൾ ആ മൂന്നു പെൺകുട്ടികൾ കരഞ്ഞുകൊണ്ട് ഓടിച്ചെന്നത് പൊലീസ് സ്റ്റേഷനിലേക്കാണ്. ഒരു നിമിഷം പോലും വൈകാതെ മൂവരെയും ജീപ്പിലിരുത്തി പൊലീസുകാർ പരീക്ഷാ ഹാളിലെത്തിച്ചു. വണ്ടിത്താവളം കെകെഎം ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം പ്ലസ് വൺ വിദ്യാർഥികളായ മീര, കാവ്യ, നവ്യ എന്നിവരെയാണു കൊല്ലങ്കോട് പൊലീസ് സമയത്തു സ്കൂളിലെത്തിച്ചത്.

കൊല്ലങ്കോട്ടുനിന്നു വടവന്നൂർ വഴി വണ്ടിത്താവളത്തേക്കു പോകുന്ന സ്വകാര്യ ബസിലാണു കുട്ടികൾ കയറിയത്. ഒന്നര കിലോമീറ്റർ കഴിഞ്ഞപ്പോൾ ആലമ്പള്ളം ചപ്പാത്തിലായിരുന്നു ഗതാഗതതടസ്സം. ഗുഡ്സ് ഓട്ടോ കേടുവന്നു ചപ്പാത്തിൽ കുരുങ്ങിയതായിരുന്നു പ്രശ്നം. കൃത്യസമയത്തു സ്കൂളിൽ എത്തിക്കാൻ കഴിയില്ലെന്നു ബസുകാർ അറിയിച്ചതോടെ പല വാഹനങ്ങൾക്കും കൈകാട്ടിയെങ്കിലും ആരും നിർത്തിയില്ല.

ടാക്സി വാഹനങ്ങളിൽ പോകാൻ പണമില്ലായിരുന്നു. ഇതോടെയാണു കുട്ടികൾ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തിയത്. കുട്ടികളെ സമയത്ത് എത്തിക്കാമെന്നു പൊലീസ് തന്നെ സ്കൂളിൽ അറിയിച്ചു. ഉടനെ തന്നെ പൊലീസ് വാഹനത്തിൽ മൂവരെയും കയറ്റി വണ്ടിത്താവളത്തെ പരീക്ഷാ ഹാളിൽ കൃത്യസമയത്ത് എത്തിച്ചു. അധ്യാപകരെ കണ്ടു വിവരമറിയിച്ചു കുട്ടികൾ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കിയ ശേഷമാണു പൊലീസ് മടങ്ങിയത്.

Tags:    
News Summary - Kerala Police Facebook Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.