ആലപ്പുഴ: കോവിഡുകാലമോ ലോക്ഡൗണോ ഒന്നും സുഖാദിയ ദാസിെൻറ വ്രതാനുഷ്ഠാനത്തിന് തടസ്സമല്ല. ബീച്ച് വാർഡ് വെളിയിൽ വീട്ടിൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സുഖാദിയ ദാസ് നോമ്പിെൻറ പുണ്യം ജീവിതത്തോട് ചേർത്തുപിടിക്കാൻ തുടങ്ങിയിട്ട് ഇത് 39ാം വർഷം. കൂടെ നോമ്പുകാരായി ഭാര്യയും ഏക മകളും.
1981ൽ അനുഷ്ഠിച്ച ആദ്യ നോമ്പ് ദാസ് വ്യക്തമായി ഓർമിക്കുന്നു. അന്ന് റമദാൻ ഒന്നായിരുന്നു. വൈകീട്ട് നോമ്പുതുറക്കാൻ സമയമായപ്പോൾ ഒരു മുസ്ലിം കുടുംബത്തിെൻറ വീട്ടിലേക്ക് കയറിച്ചെന്നു. അവിടെനിന്ന് ആവോളം നാരങ്ങവെള്ളം കിട്ടി. അവസാന തുള്ളിവരെ കുടിച്ചു. പിന്നീട് തളർന്നുവീണു. അബോധാവസ്ഥയിലായ തന്നെ ആ കുടുംബാംഗങ്ങൾതന്നെ ആശുപത്രിയിൽ കൊണ്ടുപോയി. ആ വർഷം നോമ്പ് തുടരാനായില്ല. എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ നോമ്പിെൻറ പരിപൂർണത പാലിച്ചു.
ഇപ്പോൾ റമദാൻ നോമ്പ് ജീവിതത്തിെൻറ ഭാഗമായി. സക്കരിയ്യ ബസാറിൽ ദീർഘനാൾ സ്റ്റുഡിയോ നടത്തിയിരുന്ന ദാസ് അവിടത്തെ സുഹൃത്ബന്ധങ്ങളിൽനിന്നാണ് നോമ്പിനെക്കുറിച്ച് പഠിച്ചതും അനുഷ്ഠിച്ചുതുടങ്ങിയതും. നോമ്പ് അനുഷ്ഠിക്കാൻ ഭാര്യയെ നിർബന്ധിച്ചില്ലെങ്കിലും 16 വർഷമായി ഭാര്യ റെജിലയും പുന്നപ്ര സഹകരണ എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിനിയായ മകൾ അൻസു സുഖാദിയ ഏഴുവർഷമായും നോെമ്പടുക്കുന്നു.
നോമ്പുതുറയിലെ പ്രധാന വിഭവം നോമ്പുകഞ്ഞിയാണ്. റമദാനിൽ ചായയും ചോറും മാംസവും മത്സ്യവും പൂർണമായി ഒഴിവാക്കും.
നോമ്പുകൊണ്ട് ഏറെ ഗുണങ്ങളുണ്ടെന്ന് ദാസ് സാക്ഷ്യപ്പെടുത്തുന്നു. മനസ്സിെൻറ നിയന്ത്രണം നോമ്പിന് ആവശ്യമാണ്. ഉപവസിക്കുന്നയാൾ ധൂർത്ത്, ദുരുപയോഗം, കോപം ഉൾെപ്പടെയുള്ള തിന്മകളിൽനിന്ന് അകന്നുനിൽക്കുന്നു. ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്നു. അതുവഴി സുവർണ പ്രകാശവും ഊർജവുമാണ് നോമ്പ് നൽകുന്നതെന്നും ദാസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.