'കേരള സവാരി' തുടങ്ങുന്നു; 'ആപ്പി'ലെത്തും സർക്കാർ ടാക്സി

തൊടുപുഴ: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സംസ്ഥാന സർക്കാറിന്‍റെ ഓൺലൈൻ ടാക്സി സേവനമായ 'കേരള സവാരി'ക്ക് തുടക്കമാകുന്നു. പരീക്ഷണാടിസ്ഥാനത്തിൽ മേയ് 19ന് തിരുവനന്തപുരം നഗരത്തിൽ സേവനം നിലവിൽ വരും. കേന്ദ്ര പൊതുമേഖല സ്ഥാപനമായ പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന്‍റെ (ഐ.ടി.ഐ) സാങ്കേതിക പങ്കാളിത്തത്തോടെ സംസ്ഥാന തൊഴിൽ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡാണ് ഉബർ, ഓല മാതൃകയിൽ കേരള സവാരി എന്ന പേരിൽ ഓൺലെൻ ഓട്ടോ, ടാക്സി സേവനം തുടങ്ങുന്നത് സംബന്ധിച്ച് സർക്കാറിന് നിർദേശം സമർപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ നവംബർ ഒന്നിന് തിരുവനന്തപുരത്ത് പദ്ധതിക്ക് തുടക്കമാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടുപോയി. സോഫ്റ്റ്വെയർ, ജി.പി.എസ് ഏകോപനം, കാൾ സെന്‍റർ എന്നിവയടക്കം പദ്ധതിയുടെ പ്രാരംഭ ചെലവുകൾ പൂർണമായും ഐ.ടി.ഐയാകും വഹിക്കുക. ടാക്സി ബുക്ക് ചെയ്യുന്നതിന് മൊബൈൽ ആപ്പുണ്ടാകും. ആപ്പിലെ ഓരോ ബുക്കിങ്ങിലും മൊത്തം വരുമാനത്തിന്‍റെ ആറുശതമാനം ഐ.ടി.ഐക്കും രണ്ടുശതമാനം സർക്കാറിനുമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്‍ററും പദ്ധതിയുടെ ഭാഗമാണ്.

പൈലറ്റ് പ്രോജക്ടിൽ 75 ഓട്ടോയും 25 ടാക്സി കാറുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 15 ഓട്ടോയിലും അഞ്ച് ടാക്സിയിലും വനിത ഡ്രൈവറായിരിക്കും. സാങ്കേതിക സമിതിയും നാറ്റ്പാകും പൈലറ്റ് പദ്ധതി വിലയിരുത്തി നൽകുന്ന നിർദേശങ്ങളും ശിപാർശകളും പരിഗണിച്ചാകും പിന്നീട് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുക. സംസ്ഥാന വ്യാപകമായി നടപ്പാക്കുമ്പോൾ ഏഴ് ലക്ഷം ഓട്ടോകളും അഞ്ചുലക്ഷം ടാക്സി കാറുകളും പദ്ധതിയുടെ ഭാഗമാകും. മോട്ടോർ വാഹന വകുപ്പ് നിശ്ചയിക്കുന്ന നിരക്കാണ് യാത്രക്കാർ നൽകേണ്ടത്. ഇത് മൊബൈൽ ആപ്പിലുണ്ടാകും. 'കേരള സവാരി'യുടെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. അലർട്ട് ബട്ടനടക്കം സുരക്ഷാ സംവിധാനങ്ങൾ വാഹനത്തിലുണ്ടാകും.

Tags:    
News Summary - 'Kerala Savari' begins; ‘App’ will arrive Government taxi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.