തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. രേവതിയാണ് മികച്ച നടി; ചിത്രം ഭൂതകാലം. മികച്ച നടനുള്ള പുരസ്കാരം ബിജു മേനോൻ, ജോജു ജോർജ് എന്നിവർ പങ്കിട്ടു. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോന് പുരസ്കാരം. നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജോജു ജോർജിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ; ചിത്രം. ജോജി.കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ജിയോ ബേബി ഒരുക്കിയ ഫ്രീഡം ഫൈറ്റിന് ലഭിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
മികച്ച ഗായികയായി സിതാര കൃഷ്ണകുമാറും മികച്ച ഗായകനായി പ്രദീപും തെരഞ്ഞെടുക്കപ്പെട്ടു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ആണ് മികച്ച ജനപ്രിയ സിനിമ. ഹൃദയത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്ന ഹിഷാം അബ്ദുൽ വഹാബ് ആണ് മികച്ച സംഗീത സംവിധായകൻ.ജസ്റ്റിൻ വർഗീസിനാണ് (ജോജി) മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ്.
മറ്റ് അവാർഡുകൾ: ഗാനരചന- ബി കെ. ഹരിനാരായണൻ, തിരക്കഥ (അവലംബിതം)- ശ്യാം പുഷ്കർ, തിരക്കഥ-കൃഷാന്ത് (ആവാസവ്യൂഹം), സ്വഭാവനടി- ഉണ്ണിമായ (ജോജി), സ്വഭാവനടൻ- സുമേഷ് മൂർ (കള), കഥ- ഷാഹി കബീർ (നായാട്ട്), കാമറ-മധു നീലകണ്ഠൻ (ചുരുളി), ചലച്ചിത്ര ഗ്രന്ഥം -പട്ടണം റഷീദ് (ചമയം), .പ്രത്യേക ജൂറി പരാമര്‍ശം-ആര്‍ ഗോപാലകൃഷ്ണൻ (നഷ്ടസ്വപ്നങ്ങള്‍), മികച്ച വിഷ്വൽ എഫ്ക്ട്- ആൻഡ്രു ഡിക്രൂസ് (മിന്നല്‍ മുരളി), നവാഗത സംവിധായകന്‍ -കൃഷ്ണേന്ദു കലേഷ് (പ്രാപ്പിട), നൃത്ത സംവിധാനം- അരുൾ രാജ്, ഡബ്ബിങ് ആർട്ടിസ്റ്റ്- ദേവി എസ്, വസ്ത്രാലങ്കാരം - മെൽവി ജെ (മിന്നൽ മുരളി), മേക്കപ്പ് - രഞ്ജിത് അമ്പാടി (ആർക്കറിയാം), ശബ്ദമിശ്രണം - ജസ്റ്റിൻ ജോസ് (മിന്നൽ മുരളി), സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി, കലാ സംവിധായകൻ- എ.വി ഗേകുൽദാസ്.
ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ആയിരുന്നു ജൂറി ചെയർമാൻ. 142 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ചുരുക്ക പട്ടികയില്‍ എത്തിയത് 29 ചിത്രങ്ങളാണ്. രണ്ട് സിനിമകള്‍ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടു. മികച്ച നടൻ, നടി അടക്കം പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് ഇത്തവണ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.