ഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നിയമ മന്ത്രി പി. രാജീവ്. ഇതുസംബന്ധിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകാൻ മന്ത്രിസഭ തീരുമാനിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സി.എ.എക്കെതിരെ ഇന്ത്യയിൽ ആദ്യമായി പ്രമേയം പാസാക്കിയത് കേരളമാണ്. ഭരണഘടനാവിരുദ്ധമായ നിയമമാണത്. കേരളത്തിൽ നടപ്പാക്കില്ല. സി.എ.എ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ കേരളം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇപ്പോൾ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത സാഹചര്യത്തിൽ നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തി തുടർ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
സി.എ.എക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു. നിലവിൽ പൗരത്വ ഭേദഗതിക്കെതിരേ സമർപ്പിച്ച ഹരജിയോടൊപ്പമാണ് പുതിയ ഹരജിയും നൽകുന്നത്.
പൗരത്വ ഭേദഗതി നിയമത്തിന്റെ പുതിയ ചട്ടങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗും ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും ഇന്നലെ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. നിലവിൽ 250ൽ കൂടുതൽ ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ പശ്ചാത്തലത്തിൽ പുതിയ ചട്ടങ്ങൾ പുറത്തിറക്കുന്നത് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഹരജിയിൽ പറയുന്നു.
പൗരത്വ ഭേദഗതി നിയമം (സി.എ.എ) അസാധുവാക്കാനുള്ള ശ്രമങ്ങൾ സി.പി.എം തുടരുമെന്ന് പൊളിറ്റ്‌ബ്യൂറോ വ്യക്തമാക്കി. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നതിലൂടെ പൗരത്വത്തിന്റെ അടിസ്ഥാനം മതനിരപേക്ഷത ആയിരിക്കണമെന്ന ഭരണഘടനാ തത്വത്തെ ലംഘിക്കുകയാണ് കേന്ദ്ര സർക്കാർ. മുസ്‍ലിംകളോട് വിവേചനപരമായ സമീപനം പ്രാവർത്തികമാക്കുന്നതാണ് ചട്ടങ്ങൾ. ഈ നിയമം നടപ്പാക്കുന്നതിനെ ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) രൂപീകരണവുമായി ബന്ധപ്പെടുത്തുന്നതും മുസ്‍ലിം വിഭാഗത്തിലെ പൗരന്മാരെ വേട്ടയാടാനാണെന്ന് ആശങ്ക ഉയർത്തുന്നുണ്ടെന്നും പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.