കൊല്ലം: സംസ്ഥാനത്തെ പാലങ്ങളുടെ അടിഭാഗം ഇനി പാഴ്ഭൂമിയാകില്ല. മനോഹരങ്ങളായ പാർക്കുകളും കളിസ്ഥലങ്ങളും ഓപൺ ജിംനേഷ്യങ്ങളുമൊക്കെയുള്ള ജനോപകാര പ്രദേശങ്ങളായി അവ പരിവർത്തിക്കപ്പെടും. സംസ്ഥാന വ്യാപകമായി അതിനുള്ള സാധ്യതാ പഠനങ്ങൾ പൂർത്തിയാകുന്നതിനൊപ്പം ആദ്യപടിയായി കൊല്ലത്തും എറണാകുളത്തും അടുത്ത ദിവസങ്ങളിൽ പദ്ധതി ഒരുങ്ങും. കൊല്ലം എസ്.എൻ കോളജിന് എതിർവശത്തെ ഓവർ ബ്രിഡ്ജിന് താഴെയുള്ള സ്ഥലത്തും നെടുമ്പാശ്ശേരി ഓവർബ്രിഡ്ജിന് താഴെയുള്ള സ്ഥലവുമാണ് ഇത്തരത്തിൽ ജനകീയ ഹബ്ബുകളാവുക.
ടൂറിസം വകുപ്പാണ് ഇതിന് പണംമുടക്കുക. കേരള ടൂറിസം ഇൻഫ്രാസ്ട്രെക്ച്ചർ ലിമിറ്റഡിനാണ്(കെ.ടി.ഐ.എൽ) നിർമാണ ചുമതല. പാലത്തിന് അടിയിലുള്ള ഭാഗത്ത് ബഡ്മിന്റൻ കോർട്ട്, ഓപൺ ജിംനേഷ്യം, ഫുഡ് കോർട്ട്, പ്രായമായവർക്കായി റീഡിങ്റൂം, ചെസ്-കാരംസ് തുടങ്ങിയ വിനോദ ഉപകരണങ്ങളുള്ള പ്രത്യേക കേന്ദ്രങ്ങൾ എന്നിവ സജ്ജമാക്കാനാണ് നീക്കം. മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം പൊതുമരാമത്ത് വകുപ്പിന്റെ കൊല്ലം കമീഷണർ ഓഫിസ് കേന്ദ്രീകരിച്ച് സാധ്യതാ പഠനം നടത്തുകയും കൊല്ലത്ത് ആദ്യ പദ്ധതി നടപ്പാക്കാൻ തീരുമാനിക്കുകയുമായിരുന്നു. കൊല്ലം എസ്.എൻ കോളജിന് അടുത്ത് ദേശീയപാതക്ക് സമീപമുള്ള റെയിൽവേ ഓവർ ബ്രിഡ്ജാണ് ആദ്യം നവീകരിക്കപ്പെടുക. തൊട്ടുടനെ തന്നെ നെടുമ്പാശ്ശേരിയിലും ഇത് നടപ്പാക്കും.
സ്ത്രീ സൗഹൃദവും ഭിന്നശേഷി സൗഹൃദവും വയോജന സൗഹൃദവും ആയതരത്തിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെറിയ ഫീസ് ഈടാക്കി മെയിന്റനൻസ് തുക കണ്ടെത്താനാണ് ഉദ്ദേശം. സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ പാലങ്ങളുടെ അടിഭാഗം സാമൂഹിക വിരുദ്ധർ അടക്കം ലഹരി മാഫിയകൾ കേന്ദ്രങ്ങളാക്കി മാറ്റിയ സാഹചര്യമാണുള്ളത്. പിന്നെ ചിലയിടങ്ങൾ അനധികൃത പാർക്കിങ് കേന്ദ്രങ്ങളാണ്. ഏറ്റെടുക്കാൻ നിയമപരമായ തടസ്സങ്ങളില്ലാത്ത പാലങ്ങളുടെ അടിഭാഗങ്ങളായിരിക്കും ടൂറിസം വകുപ്പ് ആദ്യം ഇത്തരത്തിൽ നവീകരണത്തിനായി തെരഞ്ഞെടുക്കുക. വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ടും ഇതിനായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
കൊല്ലം: പാലങ്ങളുടെ അടിഭാഗം ഉപയോഗപ്പെടുത്താൻ കഴിയുന്ന പല സ്ഥലങ്ങളും കേരളത്തിലുണ്ടെന്നും അത് ജനോപകാരപ്രദമായ നിലയിൽ ആകർഷകമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. പൊതുമരാമത്ത് -ടൂറിസം വകുപ്പുകൾ ചേർന്ന് രൂപം നൽകുന്ന ഡിസൈൻ പോളിസിയുടെ തുടക്കം എന്ന നിലയിലാണ് പാലങ്ങളുടെ സൗന്ദര്യവത്കരണം എന്ന പദ്ധതിക്ക് രൂപം നൽകിയത്. കൊല്ലത്ത് ഈ വർഷം തന്നെ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.