തൃശൂർ: ശ്രീ കേരളവർമ കോളജിലെ യൂനിയൻ തെരഞ്ഞെടുപ്പ് വിവാദം സംസ്ഥാന വ്യാപക വിഷയമാക്കാൻ കോൺഗ്രസ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇടപെട്ടെന്ന ആരോപണം ശക്തമാക്കി പ്രതിഷേധം ശക്തമാക്കാനാണ് നീക്കം. മന്ത്രിയുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തണമെന്നും കോളജിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.
ആർ. ബിന്ദുവും മന്ത്രി കെ. രാധാകൃഷ്ണനും ഇടപെട്ടാണ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതെന്നാണ് ആക്ഷേപം. തിങ്കളാഴ്ച മുതൽ എല്ലാ ജില്ല കേന്ദ്രങ്ങളിലും കെ.എസ്.യു പ്രക്ഷോഭം ആരംഭിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. യദുകൃഷ്ണൻ അറിയിച്ചു. തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് തിരുവനന്തപുരം ജില്ല കമ്മിറ്റി മാർച്ച് നടത്തും. അന്വേഷണമാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയറിന്റെ നിരാഹാര സമരം നാലാംനാളിലെത്തി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പുറത്തുവിട്ട ടാബുലേഷൻ ഷീറ്റ് വ്യാജമായി നിർമിച്ചതാണെന്ന് അലോഷ്യസ് സേവിയർ പറഞ്ഞു.
കോളജിലെ അധ്യാപകരുടെ ഒത്താശയോടെയാണ് ഇത് നിർമിച്ചത്. എല്ലാവരും കൂടി എണ്ണിയ മാന്വൽ ടാബുലേഷൻ ഷീറ്റ് പുറത്തുവിടാൻ അധികൃതർ തയാറാവണമെന്നും അലോഷ്യസ് സേവിയർ ആവശ്യപ്പെട്ടു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ നൽകിയ ഹരജി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും. തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് മന്ത്രി ആര്. ബിന്ദു ഇടപെട്ടാണെന്ന് ആരോപിച്ച് കെ.എസ്.യു മന്ത്രി ആർ. ബിന്ദുവിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു. കലക്ടറേറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡിലാണ് കരിഓയിൽ ഒഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.