കേരള വി.സി നിയമനം: സെർച് കമ്മിറ്റി കാലാവധി ഗവർണർ മൂന്ന് മാസത്തേക്ക് നീട്ടി

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലറെ നിയമിക്കാൻ രൂപവത്കരിച്ച സെർച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് ചാൻസലറായ ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ചു. സർവകലാശാല പ്രതിനിധിയില്ലാതെ ഗവർണർ സെർച് കമ്മിറ്റി രൂപവത്കരിച്ച നടപടി ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലാണ്. സർക്കാറും ഗവർണറും തമ്മിൽ തുറന്നപോരിലേക്ക് നയിച്ചതായിരുന്നു സർവകലാശാല പ്രതിനിധിയില്ലാതെ രണ്ടംഗങ്ങളെ മാത്രം ഉൾപ്പെടുത്തി സെർച് കമ്മിറ്റി രൂപവത്കരിച്ച നടപടി.

സർവകലാശാല പ്രതിനിധിയെ ലഭിക്കുമ്പോൾ ഉൾപ്പെടുത്താനുള്ള വ്യവസ്ഥയോടെ കോഴിക്കോട് ഐ.ഐ.എം മുൻ ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയെ കൺവീനറും ചാൻസലറുടെ പ്രതിനിധിയായും കർണാടക കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ. ബട്ടു സത്യനാരായണയെ യു.ജി.സി പ്രതിനിധിയായുമായാണ് സെർച് കമ്മിറ്റി രൂപവത്കരിച്ചത്. എന്നാൽ സർവകലാശാല പ്രതിനിധിയില്ലാതെ രൂപവത്കരിച്ച സെർച് കമ്മിറ്റി ചട്ടവിരുദ്ധമാണെന്നും അത് പിരിച്ചുവിട്ടാൽ മാത്രമേ പ്രതിനിധിയെ നൽകൂ എന്നുമായിരുന്നു സർവകലാശാല നിലപാട്.

ഗവർണറുടെ നിർദേശത്തെ തുടർന്ന് സർവകലാശാല പ്രതിനിധിയെ തെരഞ്ഞെടുക്കാൻ സെനറ്റ് യോഗം വിളിച്ചുചേർത്തെങ്കിലും ഇടത് അംഗങ്ങൾ ഒന്നടങ്കം വിട്ടുനിന്ന് യോഗത്തിന് ക്വോറം ഇല്ലാതാക്കിയിരുന്നു. ഗവർണർ നാമനിർദേശം ചെയ്ത 15 അംഗങ്ങളെ, സെനറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്നതിന് ഗവർണർ പിൻവലിച്ചിരുന്നു. ഈ നടപടിയെ ചോദ്യംചെയ്തുള്ള കേസും ഹൈകോടതിയുടെ പരിഗണനയിലാണ്. ഒരുമാസത്തിനകം സെനറ്റ് വിളിച്ചുചേർത്ത് പ്രതിനിധിയെ നൽകാനും അല്ലാത്തപക്ഷം ഗവർണർക്ക് സർവകലാശാല നിയമപ്രകാരം വി.സി നിയമന നടപടികളുമായി മുന്നോട്ടുപോകാമെന്നും നേരത്തെ ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരായ ഹരജിയിൽ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

കേസിൽ വിധി വരുന്ന മുറക്കേ സെർച് കമ്മിറ്റി ചേർന്ന് സർവകലാശാല പ്രതിനിധിയെ തെരഞ്ഞെടുക്കാൻ സാധ്യതയുള്ളൂ. കഴിഞ്ഞ ഒക്ടോബറിൽ കേരള വി.സിയായിരുന്ന ഡോ. വി.പി. മഹാദേവൻ പിള്ളയുടെ കാലാവധി പൂർത്തിയായിരുന്നു. ഇതിനുശേഷം ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹൻ കുന്നുമ്മലിനാണ് ഗവർണർ കേരള വി.സിയുടെ താൽക്കാലിക ചുമതല നൽകിയത്.

Tags:    
News Summary - Kerala VC appointment: The governor extended the term of the search committee for three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.