കോട്ടയം: ലോക്ഡൗൺ ഇളവുകളെതുടർന്ന് നിർമാണ, ഉൽപാദനമേഖലകൾ വീണ്ടും സജീവമായതോടെ അന്തർസംസ്ഥാന തൊഴിലാളികളെ കാത്ത് കേരളം. തൊഴിലാളികൾ തിരിച്ചെത്തുന്നുണ്ടെങ്കിലും മടങ്ങിപ്പോക്കിെൻറയത്ര വേഗമില്ല. തൊഴിൽവകുപ്പിെൻറ കണക്കനുസരിച്ച് ബുധനാഴ്ചവരെ സംസ്ഥാനത്തേക്ക് എത്തിയത് 5,551 തൊഴിലാളികളാണ്. ഇതിൽ ഏറ്റവും കൂടുതൽ കണ്ണൂരിലാണ് -2373 പേർ.
കോവിഡിനെതുടർന്ന് 3,00,007 തൊഴിലാളികളാണ് സംസ്ഥാനത്തുനിന്ന് പ്രത്യേക ട്രെയിനുകളിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്.
അസം, ഒഡിഷ, ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, ഝാർഖണ്ഡ്, ഒഡിഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽനിന്നുള്ളവരായിരുന്നു കൂടുതൽ. ഇതിൽ വലിയൊരുശതമാനവും തിരിച്ചെത്താൻ തയാറാണെന്ന് കരാറുകാർ പറയുന്നു. എന്നാൽ, ട്രെയിൻ സർവിസുകൾ ഇല്ലാത്തതാണ് പ്രശ്നം.
തൊഴിലാളിക്ഷാമം രൂക്ഷമായതോടെ പലയിടങ്ങളിലും കരാറുകാർ മുൻകൈയെടുത്ത് വിമാനമാർഗം ഇവരെ എത്തിക്കുന്നുണ്ട്. കമ്പനികൾ തന്നെ ഇവർക്ക് ക്വാറൻറീൻ സൗകര്യമൊരുക്കുന്നുണ്ടെന്നും തൊഴിൽവകുപ്പ് വ്യക്തമാക്കുന്നു.
ഇതിനുപുറമേ, ചെറിയൊരുശതമാനം തൊഴിലാളികൾ സ്വന്തം നിലയിൽ വിമാനത്തിലെത്തുന്നുണ്ട്. ഇങ്ങനെ എത്തുന്നവരെ കരാറുകൾ വിമാനത്താവളങ്ങളിൽനിന്ന് വാഹനങ്ങളിൽ താമസസ്ഥലത്ത് എത്തിക്കും. കരാറുകാരുടെ ആവശ്യപ്രകാരം കൂട്ടമായി വാഹനങ്ങളിലും എത്തുന്നുണ്ട്. തോട്ടം മേഖലകളിലേക്ക് അതിർത്തി കടന്ന് തൊഴിലാളികൾ എത്തുന്നുണ്ടെങ്കിലും ഇവരുെട വിവരങ്ങൾ തൊഴിൽവകുപ്പിന് ലഭ്യമാകുന്നില്ല.
അന്തർ സംസ്ഥാനതൊഴിലാളികളെ കോവിഡ് ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷമേ കൊണ്ടുവരാവൂവെന്നാണ് സർക്കാർ നിർദേശം. ഇവർക്ക് ക്വാറൻറീനും നിർബന്ധമാണ്. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക് ക്വാറൻറീനിൽ കഴിയാൻ സൗകര്യമുണ്ടൊയെന്ന് തൊഴിൽവകുപ്പ് പരിശോധിക്കും. തുടർന്നാണ് യാത്രാനുമതി നൽകുന്നത്. ഇത്തരത്തിൽ കോവിഡ് ജാഗ്രത സൈറ്റില്‍ രജിസ്റ്റർ ചെയ്തവരുടെ കണക്കാണ് തൊഴിൽവകുപ്പിനുള്ളത്.
എന്നാൽ, രജിസ്ട്രേഷനില്ലാതെ വിമാനത്തിലും ചരക്ക് ലോറികളിലും വിവിധ വാഹനങ്ങളിലും തൊഴിലാളികൾ എത്തുന്നതിനാൽ ഇവരുടെ വിശദാംശങ്ങള്‍ ആരോഗ്യപ്രവര്‍ത്തകർക്കോ തൊഴിൽവകുപ്പിനോ ലഭ്യമല്ല.
ഇവർ ക്വാറൻറീന് നിര്‍ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നതായും ജോലി ചെയ്യുന്നതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.