കോവിഡ്​ വ്യാപനം: ആൾക്കൂട്ടം ഒഴിവാക്കാൻ കേരളവും കടുത്ത നടപടികളിലേക്ക്, നാളെ അവലോകന യോഗം

തിരുവനന്തപുരം: രണ്ടാംതരംഗം പൂർണമായും വിട്ടൊഴിയുംമുമ്പ്​ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മറ്റ്​ സംസ്ഥാനങ്ങൾക്ക് സമാനമായി കേരളവും ആൾക്കൂട്ടം ഒഴിവാക്കാൻ കടുത്ത നടപടികളിലേക്ക്. ജനുവരിയിൽ ഇതുവരെ രോഗവ്യാപനത്തിലുണ്ടായ വർധനയാണ് ഇതിന് കാരണം.

രോഗസ്ഥിരീകരണ നിരക്ക്​ (ടി.പി.ആർ) ഞായറാഴ്ച 11 ശതമാനം കടന്നു. പരിശോധന കുറവാണെങ്കിലും രോഗികളുടെ എണ്ണം പെരുകുന്ന അപകടരമായ സ്ഥിതിയാണിപ്പോൾ. ഇക്കാര്യം ആരോഗ്യവകുപ്പ്​ ഗൗരവമായാണ്​ കാണുന്നത്​. സമൂഹത്തിൽ ഒമിക്രോണിന്‍റെ സാന്നിധ്യം ശക്തമാണെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്​ധർ.

കഴിഞ്ഞ ആഴ്ചമുതൽ അടച്ചിട്ട മുറിയിൽ 75 പേർക്കും തുറസ്സായ സ്ഥലങ്ങളിൽ 150 പേർക്കും പ്രവേശനം അനുവദിച്ച് ഉത്തരവായെങ്കിലും അത് ഇനിയും നടപ്പായിട്ടില്ല. സർക്കാർ പരിപാടികളിൽ ഉൾപ്പെടെ അത് ലംഘിക്കുന്ന സ്ഥിതിയുണ്ട്​. എന്നാൽ, രോഗികളുടെ എണ്ണം പ്രതിദിനം കുതിക്കുന്ന സാഹചര്യത്തിൽ ചികിത്സ സംവിധാനങ്ങൾക്ക് വെല്ലുവിളിയാകാതിരിക്കാനാണ് നിയന്ത്രണങ്ങൾ അനിവാര്യമാകുന്നത്.

ടി.പി.ആർ 11 ശതമാനം കടന്നതോടെ തിങ്കളാഴ്ച നടക്കുന്ന കോവിഡ് അവലോകന യോഗം നിയന്ത്രണങ്ങൾ സംബന്ധിച്ച്​ തീരുമാനം കൈക്കൊള്ളും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 11.30ന്​ ഓൺലൈനായാണ്​ അവലോകനയോഗം ചേരുക. ഗുരുതരാവസ്ഥയിൽ എത്തുന്നവർ കുറവാണെങ്കിലും രോഗികൾ കുത്തനെ ഉയർന്നാൽ അതിന് ആനുപാതികമായി മരണസംഖ്യ ഉയരും. ഇത് തടയാൻ നിയന്ത്രണം കൂടിയേ തീരൂ എന്നാണ്​ വിലയിരുത്തൽ. ​

മാസ്‌ക്, സാനിറ്റൈസർ ഉപയോഗം, ആൾക്കൂട്ടം ഒഴിവാക്കൽ എന്നിവ ഉറപ്പാക്കാൻ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ വീണ്ടും വിന്യസിച്ചേക്കും. തമിഴ്നാടും കർണാടകവും രോഗവ്യാപനം പിടിച്ചുനിർത്താനുള്ള ശ്രമത്തിലാണിപ്പോൾ. പൊങ്കൽ കഴിയുന്നത് വരെ തമിഴ്നാട്ടിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വാരാന്ത്യ, രാത്രികാല കർഫ്യൂ, സ്‌കൂളുകളുടെയും ഓഫിസുകളുടെയും പ്രവർത്തനം നിയന്ത്രണം, ഓഫിസുകളിൽ 50 ശതമാനം പേർക്ക് വർക്ക് ഫ്രം ഹോം, ആഘോഷങ്ങളും ഒത്തുചേരലുകളും ഒഴിവാക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾക്കുള്ള സാധ്യതയും ചർച്ചചെയ്യും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കൂടി തീരുമാനമനുസരിച്ചാവും സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണങ്ങളിലേക്ക്​ കടക്കുക.

Tags:    
News Summary - Kerala will also take tough measures to avoid crowds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.