ഗാഡ്ഗിൽ സമിതിയുടെ നിർദേശങ്ങൾ ചർച്ചചെയ്യേണ്ടതിെൻറ ആവശ്യകത പരിശോധിക്കുന്നതിനായി സംസ്ഥാന വനം- വന്യജീവി ഉപദേശക സമിതി സബ് കമ്മിറ്റി ഒരിക്കൽ വയനാട് സന്ദർശിച്ചിരുന്നു. ആ സന്ദർശനം നയിച്ചിരുന്ന എന്നെ അങ്ങേയറ്റം മോശമായി ചിത്രീകരിച്ച ഇടതു സംഘടനകൾ വയനാട്ടിൽ അന്ന് ഹർത്താൽ ആചരിച്ചാണ് സമിതിയെ എതിരേറ്റത്.
നിയമസഭയിൽ ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ച വന്നപ്പോൾ ഇതു സംബന്ധിച്ച് സംസാരിക്കവെ സഹിഷ്ണുതയോടെ കേൾക്കാനുള്ള മനസ്സ് ഇരുപക്ഷത്തെയും മഹാഭൂരിപക്ഷം പേർക്കുമില്ലായിരുന്നു എന്നതാണ് വസ്തുത.
പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന ഗാഡ്ഗിലിെൻറ നിർദേശത്തെ അന്ന് എല്ലാ മുന്നണിയിലെയും ആളുകൾ എതിർത്തു. ഗാഡ്ഗിലിെൻറ നിർദേശങ്ങളെ അസഹിഷ്ണുതയോടെ തള്ളിക്കളയരുതെന്നു പറഞ്ഞ ചുരുക്കം ചിലരിലൊരാളായിരുന്നു ഞാൻ. എന്നെയും വി.ഡി. സതീശനെയും പി.ടി. തോമസിനെയും ആ നിലപാടിെൻറ പേരിൽ വല്ലാതെ വേട്ടയാടി. പി.ടി. തോമസിനെ അപമാനിക്കാൻ 'ശവമെടുപ്പ് യാത്ര' വരെ സംഘടിപ്പിച്ചവരുണ്ട്.
തൃശൂർ കിലയിൽ നടന്ന മലയോര മേഖലയിലെ പഞ്ചായത്തുതല ജനപ്രതിനിധികൾക്കുള്ള ശിൽപശാലയിൽ തെൻറ നിർദേശങ്ങൾ വിശദീകരിക്കാൻ എത്തിയ ഗാഡ്ഗിലിനെ കൈയേറ്റം ചെയ്യാനും ശ്രമങ്ങളുണ്ടായി.
കേരളത്തിെൻറ പരിസ്ഥിതിയേക്കാൾ മുകളിലാണ് ഇവിടത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയമെന്ന് പലരും തെറ്റിദ്ധരിച്ചു. അതിെൻറ കനത്ത വിലയാണ് നാം നൽകുന്നത്. അങ്ങേയറ്റം ലോലമായ പരിസ്ഥിതി പ്രദേശങ്ങൾ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ വലിയ തോതിൽ കൈയേറിയിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലം മുതൽക്കേ ഇത്തരത്തിലുള്ള വെട്ടിപ്പിടിത്തങ്ങൾ കേരളത്തിെൻറ മലയോര മേഖലകളിൽ മുഴുവൻ ഉണ്ടായിട്ടുണ്ടെന്നത് ചരിത്രപരമായ വസ്തുതയാണ്.
മലകൾ ഇടിച്ചും, കാട് ഒഴിപ്പിച്ചും നാണ്യവിളകൾ വെച്ചുപിടിപ്പിച്ച് കുടിയേറ്റം തകൃതിയായി നടന്നിട്ടുണ്ട്. ഇടനാട്ടിലോ തീരത്തോ ഒരു തുണ്ട് ഭൂമി കിട്ടാതെവന്നപ്പോൾ മലനോക്കിപ്പോയ പാവങ്ങളായിരുന്നു ആ കൂട്ടത്തിൽ മഹാഭൂരിഭാഗവും. ജീവിക്കാൻ വേണ്ടിയായിരുന്നു അവരുടെ അധ്വാനം. അതുപോലെ, കുടിയേറ്റ മുതലാളിമാരും സായിപ്പുമാരും അവർകൊണ്ടുവന്ന പ്രമാണിമാരും പ്ലാേൻറഷനുകൾ തുടങ്ങിയപ്പോൾ ജോലി അന്വേഷിച്ചു വന്ന പട്ടിണിക്കാരുമുണ്ട് ഇക്കൂട്ടത്തിൽ. അവരുടെയൊക്കെ ഇപ്പോഴും തുടരുന്ന ദയനീയമായ ജീവിത സാഹചര്യങ്ങളെ ആരും റദ്ദു ചെയ്യുന്നില്ല. എന്നാൽ, പശ്ചിമഘട്ട സംരക്ഷണത്തെ ചൊല്ലിയുള്ള ചർച്ചകൾ വരുമ്പോഴേക്കും ഈ പട്ടിണിപ്പാവങ്ങളെ കാണിച്ച് അങ്ങേയറ്റം നെറികെട്ട നേരുകേടുകൾ പ്രചരിപ്പിക്കുകയാണ് മുതലാളിമാരായ ചെറിയൊരു വിഭാഗം. അവരുടെ സൗകര്യങ്ങളുടെ തണൽപറ്റി നമ്മുടെ രാഷ്രീയക്കാരിൽ ഒരുകൂട്ടർ അതേറ്റുപിടിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ മൂന്നു നാല് വർഷമായി പ്രളയം കേരളത്തിൽ ഒരു സ്ഥിര സന്ദർശകനാണ്. ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും മലമറിഞ്ഞും ഭൂമിക്കടിയിലായിപ്പോകുന്ന പാവങ്ങൾ നേരത്തേ പറഞ്ഞ ഏക്കറുകണക്കിന് എസ്റ്റേറ്റുകളും റിസോർട്ടുകളും പ്ലാേൻറഷനുകളും ക്വാറികളും ഒക്കെ നടത്തുന്ന ഏതെങ്കിലും വൻകരകളിൽ ജീവിക്കുന്ന മുതലാളിമാർ അവരുടെ ലാഭത്തിന് ഹോമിക്കാൻ വെച്ച ജീവിതങ്ങളാണ്.
കേരളത്തിെൻറ കാലാവസ്ഥാ ഘടനയിൽ ഉണ്ടായ കാതലായ മാറ്റങ്ങളെ എങ്ങനെയാണ് നമ്മൾ സമീപിക്കുന്നത് എന്നത് വളരെ ഗുരുതരമായ ഒരു വിഷയമാണ്. ഇക്കാര്യത്തിൽ മതം, ജാതി, ഉപജാതി, രാഷ്ട്രീയം, സാമ്പത്തികം എന്നിങ്ങനെ എല്ലാം മാറ്റിവെച്ചുകൊണ്ടുള്ള ചർച്ചകളാണ് അഭികാമ്യം; എന്നല്ല അനിവാര്യം. 'കാട്ടിൽ നിന്ന് മരം മുറിച്ചാലെന്താണ്? മഴ കുറയുമെന്നതൊക്കെ വെറുതെ പറയുന്നതല്ലേ? അറബിക്കടലിലും മഴയുണ്ട്. അവിടെ മരമുണ്ടായിട്ടാണോ?' എന്ന മട്ടിലുള്ള ചിലരുടെയെങ്കിലും പരമ വിഡ്ഢിത്തത്തിൽനിന്നും നമ്മുടെ പരിസ്ഥിതി ചിന്ത എങ്ങോട്ടും പോയിട്ടില്ല. അതുകൊണ്ടാണ് പശ്ചിമഘട്ട സംരക്ഷണത്തെ കുറിച്ച് പറയുന്നവരോട് 'ഓഹോ നിെൻറയൊക്കെ വീടിെൻറ തറ അപ്പോൾ എങ്ങനെ ഉണ്ടാക്കി?' എന്ന് ചിലരൊക്കെ ചോദിക്കുന്നത്.
മഴക്കാലത്ത് മഴ, വേനലിൽ വെയിൽ, അളന്നുതിട്ടപ്പെടുത്തിയതുപോലെ ഋതുഭേദങ്ങൾ. ആയിരം വർഷം കൂടുമ്പോൾ എത്തിനോക്കുന്ന പ്രകൃതി ദുരന്തങ്ങൾ. ഇതൊക്കെയായിരുന്നു നമ്മുടെ നാടിെൻറ കാലാവസ്ഥ. അതൊക്കെ മാറിയല്ലോ. മഴയും വെയിലും മഞ്ഞും കാലം തെറ്റി പെയ്യാനും പടരാനും തുടങ്ങിയല്ലോ. മഴ ലഭ്യതയിൽ റെക്കോഡ് അടയാളപ്പെടുത്തിയതിനു പിന്നാലെ വരൾച്ച ഉണ്ടാകുന്നതും നമ്മൾ കാണുന്നുണ്ടല്ലോ! എന്നിട്ട് നമ്മളെന്താണ് പഠിച്ചത്?
ഒന്നാം പ്രളയത്തിൽ നമ്മൾ പഠിച്ചത് എന്താണ്? ഇനിയൊരു പ്രളയം വരാതിരിക്കാൻ, വന്നാൽ അതിൽ നഷ്ടങ്ങളില്ലാതിരിക്കാൻ വേണ്ട മാർഗങ്ങൾ നമ്മൾ പഠിക്കണമായിരുന്നു. നമ്മൾ പഠിച്ചില്ല. ഇതിനുത്തരവാദിത്തമുള്ള സർക്കാർ പഠിച്ചില്ല. ക്ഷേമ സങ്കൽപം വിട്ട് സൗജന്യ സങ്കൽപം സ്വീകരിച്ച് ഭരണത്തുടർച്ചയുടെ വഴികളാണ് സർക്കാർ നോക്കിയത്. നമ്മുടെ മഹാഭൂരിപക്ഷം രാഷ്ട്രീയക്കാർക്കും താൽക്കാലിക ൈകയടിയും അടുത്ത തെരഞ്ഞെടുപ്പിൽ നേട്ടവുമാണ് വേണ്ടത്.
ഈ കാലത്തിനിടക്ക് നമ്മുടെ സർക്കാർ സംവിധാനങ്ങൾ നാനൂറും അഞ്ഞൂറും വർഷം പഴക്കമുള്ള മരങ്ങൾ മുറിച്ചുകടത്തി. പമ്പയിൽനിന്ന് അശാസ്ത്രീയമായി മണലൂറ്റാൻ തുടങ്ങി. കരിങ്കൽ ക്വാറികൾക്ക് ദിനേനയെന്നോണം പെർമിറ്റുകൾ നൽകിക്കൊണ്ടിരുന്നു. ഏറ്റവും അതിശയിപ്പിച്ചത് ഈ പ്രളയക്കെടുതിയുടെ ഇടക്കും സർക്കാർ നൂറുകണക്കിന് കരിങ്കൽ ക്വാറികൾക്ക് അനുമതി നൽകിയതാണ്.
പാരിസ്ഥിതികമായ ഇത്രമേൽ ലോലമായ ഒരിടത്തേക്കാണ് പാടം നികത്തിയും വയലൊഴിപ്പിച്ചും തണ്ണീർത്തടങ്ങൾ മൂടിയും കെ റെയിൽ കൊണ്ടുവരാമെന്ന് പറയുന്നത്. മല തുരന്നും പാറ പൊട്ടിച്ചും വയനാട് തുരങ്ക പാതകളെ കുറിച്ച് പറയുന്നത്. ഏറ്റവും കുറഞ്ഞത് സ്ഥല-കാല ഔചിത്യമെങ്കിലും നമ്മുടെ ഭരണകൂടത്തിന് ഇല്ലാതെപോയല്ലോ.
ഗാഡ്ഗിൽ പറഞ്ഞ കാര്യങ്ങൾ അതേപടി നടപ്പാക്കണമെന്ന് ആരും വാശിപിടിക്കുന്നില്ല. എന്നാൽ, പശ്ചിമഘട്ടം എന്നത് അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല എന്ന തിരിച്ചറിവിലേക്ക് കാര്യങ്ങൾ എത്തണം. സർക്കാറിനാണ് ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ ചെയ്യാനുള്ളതെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം.
വികസനം വേണമെന്നകാര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല . ഓരോ പ്രദേശത്തിനും അതിേൻറതായ പാരിസ്ഥിതികാവസ്ഥയുണ്ട്. അതു കണക്കിലെടുത്താണ് വികസനം കൊണ്ടുവരേണ്ടത്. അതിവേഗം വളർച്ച നേടിയ ലോകത്തിലെ പല സമൂഹങ്ങളും അത് തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനനുസരിച്ചരീതിയിൽ അവരുടെ സാമൂഹിക ജീവിതക്രമങ്ങൾ ചിട്ടപ്പെടുത്തിത്തുടങ്ങി. പ്രകൃതി ആണ് മാനവരാശിയുടെ നിലനിൽപിെൻറ ആധാരശിലയെന്നു നാം ഉൾക്കൊണ്ടേ മതിയാവൂ. വരും തലമുറക്കുവേണ്ടിയുള്ള കരുതൽ ധനമാണ് ഇവയെന്ന ബോധത്തോടെ തിരിച്ചറിഞ്ഞവരെല്ലാം വികസന അജണ്ടകൾ അതിനനുസരിച്ച രീതിയിൽ നിർമിച്ചുതുടങ്ങി. ഈ പ്രകൃതി വിഭവങ്ങൾ എവിടെ നിന്ന് വന്നു, ആർക്കെല്ലാമാണ് ഇതിെൻറ അവകാശം, നാളെ ആർക്കെല്ലാം പങ്കുവെച്ചു നൽകണം... ഇതൊന്നും നമ്മുടെ മനസ്സിൽ ഇല്ലാതായിരിക്കുന്നു.
ഇനിയും തിരിച്ചറിയാൻ വൈകിയാൽ ദുരന്തങ്ങൾ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരിക്കും. അപ്പോഴും ആവശ്യത്തിലേറെ മലകൾ നാം തുരക്കുകതന്നെചെയ്യും. നദികൾ ൈകയേറും. തണ്ണീർത്തടങ്ങളും നെൽവയലുകളും മാറ്റിമറിക്കും. അതിവേഗത്തിനായി കോടികൾ കടം വാങ്ങി ദുരന്തങ്ങളെ ക്ഷണിച്ചുകൊണ്ടുവരും. ഇതെല്ലാം തിരിച്ചറിഞ്ഞിട്ടും മൗനം പാലിക്കുന്ന ഓരോരുത്തരും നാട് നേരിടുന്ന ഓരോ പ്രകൃതി ദുരന്തത്തിനും ഉത്തരവാദികളാണെന്ന കാര്യം ഒരിക്കൽ കൂടി ഓർമപ്പെടുത്തട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.