പാലക്കാട്/ബംഗളൂരു: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഇന്ന്. ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായാണ് പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തുന്നത്. നവീകരിച്ച് വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിന് ട്രെയിനുകളില്ലെന്ന പരാതിക്ക് പരിഹാരം കാണുക കൂടിയാണ് ഇതിലൂടെ റയിൽവേ ലക്ഷ്യം വെക്കുന്നത്.
രാവിലെ എട്ടിന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് 10. 45ന് പാലക്കാട് ടൗണിലും 11.05ന് പാലക്കാട് ജങ്ഷനിലും ട്രെയിന്‍ എത്തും. തിരികെ 11.35ന് പുറപ്പെട്ട് 2.40ന് കോയമ്പത്തൂരിലെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിക്കും.
റയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡക്കര്‍ എ.സി ചെയര്‍ കാര്‍ ട്രെയിനാണിത്. ട്രെയിനിന്റെ സമയക്രമത്തില്‍ തീരുമാനമായിട്ടില്ല. ദക്ഷിണ റയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.
അതേസമയം, ഡബിൾ ഡക്കർ ട്രെയിൻ പൊള്ളാച്ചി, കിണത്തുകടവ് വഴി പളനിയിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാണ്. കിണത്തുകടവ് സ്വദേശികളായ ഐ.ടി ജീവനക്കാരും പൊള്ളാച്ചിയിലെ വ്യവസായികളും സമാന ആവശ്യം ഉന്നയിക്കുന്നുണ്ട്. ട്രെയിൻ പൊള്ളാച്ചി, കിണത്തുകടവ് വഴി പളനിയിലേക്ക് നീട്ടിയാൽ ബംഗളൂരുവിലേക്കുള്ള യാത്ര സുഗമമാകുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ബംഗളൂരുവിലേക്ക് നേരിട്ട് ട്രെയിനില്ലാത്തതിനാൽ പൊള്ളാച്ചി, ഉദുമൽപേട്ട്, പളനി എന്നിവിടങ്ങളിൽ നിന്നുള്ളവർ ബംഗളൂരു യാത്രക്കായി കോയമ്പത്തൂർ, തിരുപ്പുർ, ഡിണ്ടിഗൽ റെയിൽവേ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്.
പാലക്കാട്ടേക്ക് ട്രെയിൻ നീട്ടാനുള്ള തീരുമാനത്തിനെതിരെ കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള പാസഞ്ചർ അസോസിയേഷന്‍റെ കടുത്ത എതിർപ്പുണ്ട്. ട്രെയിൻ പൊള്ളാച്ചി വഴി പളനിയിലേക്ക് നീട്ടണമെന്നാണ് ഇവരുടെയും ആവശ്യം. പാലക്കാട് നിന്ന് പ്രതിദിനം അഞ്ച് ട്രെയിൻ ബംഗളൂരുവിലേക്ക് ഓടുമ്പോൾ പുതിയൊരു ട്രെയിനിന്‍റെ ആവശ്യമില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പളനി, ഉദുമൽപേട്ട് എന്നിവിടങ്ങളിൽനിന്ന് ബംഗളൂരു ട്രെയിൻ ഇല്ലെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.