കൊല്ലം: ഓയൂരിൽ ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷണവും പൊലീസിന്റെ പഴയ തിരക്കഥയിൽതന്നെ അവസാനിക്കുമ്പോൾ മറ്റൊരു കഥയുമായി ‘ദൃക്സാക്ഷി’. കൊല്ലം കല്ലുവാതുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പി. പ്രതീഷ് കുമാറാണ് വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. അന്വേഷണത്തിന്റെ ആദ്യനാളുകളിൽ പൊലീസിനോട് വെളിപ്പെടുത്തിയ കാര്യങ്ങളിൽ തുടരന്വേഷണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അദ്ദേഹം വാർത്തസമ്മേളനത്തിൽ പൊലീസിനെതിരെ ആരോപണം ഉന്നയിക്കുന്നത്.
പ്രതീഷ് പറയുന്നത്: കുട്ടിയെ തട്ടികൊണ്ടുപോയതിന്റെ അടുത്ത ദിവസം പുലർച്ച രണ്ടോടെ താനും ഭാര്യയും കുഞ്ഞും സ്കൂട്ടറിൽ ഭാര്യാസഹോദരിയുടെ വീട്ടിലേക്ക് പോകും വഴി ആറയിൽ ജങ്ഷനിൽ ഒരു വെള്ള കാറും പിറകിലായി ഒരു ബൈക്കും പോകുന്നത് ശ്രദ്ധയിൽപെട്ടു. പൂയപ്പള്ളി ഓയൂർ വഴി പാരിപ്പള്ളി, പള്ളിക്കൽ ഭാഗത്തേക്ക് പോകുന്ന റോഡിലാണ് ആറയിൽ ജങ്ഷൻ. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം അറിയാമായിരുന്നതിനാൽ കാറിലുള്ളവരെ പറ്റി സംശയം തോന്നി. ഇവരുടെ വാഹനത്തിനു പിന്നിലായി യാത്ര തുടർന്നു. കൂടുതൽ ദൂരം പിന്തുടർന്നപ്പോൾ ഭീതിയുണ്ടാക്കും വിധം തന്റെ സ്കൂട്ടറിനെ നിരവധി വാഹനങ്ങൾ പിന്തുടരുന്നതായി ബോധ്യപ്പെട്ടു.
താൻ സ്കൂട്ടറിന്റെ വേഗം കുറച്ചപ്പോൾ ഒരു നീല കാറും രണ്ടു ബൈക്കുകളും തങ്ങളെ ഓവർടേക്ക് ചെയ്യുകയും ആദ്യം കണ്ട വെള്ള കാറിനു പിന്നാലെ അവ നീങ്ങുകയും ചെയ്തു. ഇതിനിടെ പള്ളിക്കൽ എത്തും മുമ്പ് വെള്ള കാർ നിർത്തി. പിന്നിൽ നിർത്തിയ നീല കാറിൽനിന്നും ഇറങ്ങിയ രണ്ടുപേർ വെള്ളകാറിലുള്ളവരുമായി സംസാരിക്കുന്നതും ശ്രദ്ധയിൽ പെട്ടു. വിജനമായ അന്തരീക്ഷത്തിൽ പന്തികേട് തോന്നിയതിനാൽ അവിടെനിന്നും വേഗം പോയി. രാവിലെ മൂകാംബികയിലേക്ക് നേരത്തേ നിശ്ചയിച്ച യാത്രക്കായി പുറപ്പെട്ടു. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തെയാണ് കണ്ടത് എന്ന സംശയം ബലപ്പെട്ടതിനെ തുടർന്നു രാവിലെ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഫോണിൽ വിളിച്ച് കാര്യങ്ങൾ അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥയായ നിശാന്തിനിയോട് കാര്യങ്ങൾ നേരിൽ പറഞ്ഞു. അവർ അയച്ച പൊലീസുകാർക്ക് സ്ഥലങ്ങൾ കാണിച്ചു കൊടുക്കുകയും ചെയ്തു. പ്രതികളായ മൂന്നുപേരെ പിടിച്ചെങ്കിലും താൻ ഈ സമയം കണ്ട ആറിലധികം പേരിലേക്ക് ഒരുതരം അന്വേഷണവും നടന്നില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്’’. മുഴുവൻ പ്രതികളെയും കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നാണ് പ്രതീഷിന്റെ ആവശ്യം. പൊതുപ്രവർത്തകൻ ടി.പി. ദീപുലാലും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.