കൊച്ചി: തെക്കൻ കേരളത്തിലെ പ്രത്യേകിച്ച് കൊച്ചിയിലെ മുസ്ലിം സമൂഹത്തിലെ നവോത്ഥാന സംരംഭങ്ങൾക്ക് അടിത്തറയിട്ടെന്ന് പറയാവുന്ന, നിരവധി മത-സാമൂഹിക-സാംസ്കാരിക സംരംഭങ്ങൾക്ക് ബീജാവാപം നൽകിയ ഹാജി ഈസ സേട്ട് എന്ന കിക്കി സേട്ടിന്റെ ഓർമകൾക്ക് ഇന്ന് നാല് പതിറ്റാണ്ട് പൂർത്തിയാകുന്നു.ഏതാണ്ട് 200 വർഷങ്ങൾ മുമ്പ് ഗുജറാത്തിലെ കച്ഛ് പ്രദേശത്തുനിന്ന് വാണിജ്യ-വ്യാപാര ആവശ്യങ്ങൾക്കായി കൊച്ചിയിൽ എത്തിയവരാണ് കച്ചി മേമൻ സമുദായം.
അവരിൽ അറിയപ്പെട്ടിരുന്ന കുടുംബമാണ് അബ്ദുല്ല ഹാജി ആദം സേട്ടിന്റേത്. ഇദ്ദേഹത്തിന്റെ മകൾ ആസ്യാബായിയുടെ മകനാണ് ഈസ സേട്ട്. 1910ലാണ് കിക്കി സേട്ടിന്റെ ജനനം. ആസ്യാബായിയും അവരുടെ രണ്ട് സഹോദരിമാരും അബ്ദുല്ല ഹാജി ആദം സേട്ടിന്റെ സ്വത്തുക്കൾ പങ്കുവെച്ചപ്പോൾ അതിൽ നല്ലൊരുഭാഗം 1945ൽ നാല് ധർമസ്ഥാപനങ്ങൾ (ട്രസ്റ്റുകൾ) രൂപം കൊടുത്ത് വഖഫ് ചെയ്തു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യംവെച്ച് ആരംഭിച്ച അബ്ദുല്ല ഹാജി ആദം സേട്ട് ട്രസ്റ്റ്, ഹവ്വാബായി ട്രസ്റ്റ്, ആസ്യാബായി ട്രസ്റ്റ്, സുലേഖാബായി ട്രസ്റ്റ് എന്നീ ധർമസ്ഥാപനങ്ങൾക്ക് പുറമെ മട്ടാഞ്ചേരി പുതിയപള്ളി, സനാന മദ്റസ ഇസ്ലാമിയ്യ, തഅ്ലീമുൽ ഇസ്ലാം മദ്റസ, ഫോർട്ട്കൊച്ചി തുരുത്തി മസ്ജിദ്, എറണാകുളം കോമ്പാറയിലെ മുസാഫിരി മസ്ജിദ്, തിരുവനന്തപുരം ചാല മസ്ജിദ് എന്നിവ ആ കാലത്ത് സ്ഥാപിച്ചവയാണ്.
1953ൽ ആസ്യാബായി മരണപ്പെട്ടതോടെ ആസ്യാബായി ട്രസ്റ്റ്, സനാന മദ്റസ എന്നിവയുടെ മാനേജിങ് ട്രസ്റ്റിയായി കിക്കിസേട്ട് നിയമിതനായി. അന്നത്തെ സനാന മദ്റസ ഇസ്ലാമിയ്യയാണ് ഇന്ന് ആസ്യാബായി ഇംഗ്ലീഷ് മീഡിയം സ്കൂൾ. മാതൃ സഹോദരിപുത്രി ഖദീജബായിയെയാണ് കിക്കിസേട്ട് വിവാഹം കഴിച്ചത്. തന്റേതിനൊപ്പം ഖദീജാബായിക്ക് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കൾകൂടി വഖഫ് ആക്കുന്നതിന് കിക്കി സേട്ട് പ്രത്യേകം താൽപര്യമെടുത്തു.
അതിന്റെ ഭാഗമായാണ് എറണാകുളം നഗരമധ്യത്തിൽ പുല്ലേപ്പടിയിൽ രണ്ട് ഏക്കറോളം സ്ഥലത്ത് ഇന്ന് കാണുന്ന ദാറുൽ ഉലൂം കോംപ്ലക്സ് രൂപപ്പെട്ടത്. 1956ൽ ഖദീജാബായി ട്രസ്റ്റ് വഖഫ് ട്രസ്റ്റാക്കി രജിസ്റ്റർ ചെയ്തു. തുടർന്ന് 1958ൽ ജനുവരി 18ന് പുല്ലേപ്പടി ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്യപ്പെട്ടു. സ്ത്രീകൾക്ക് ജുമാ നമസ്കാരത്തിന് പ്രവേശനം നൽകിയ തെക്കൻ കേരളത്തിലെ ആദ്യ മുസ്ലിം പള്ളി ഇതാണ്. കൊച്ചിയിൽ ആദ്യ ഈദ്ഗാഹ് നടത്തിയതിലും മുഖ്യസംഘാടകനായിരുന്നു. 1983വരെ ഖദീജാബായി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയായും ദാറുൽ ഉലൂം സ്കൂൾ മാനേജറായും കിക്കിസേട്ട് സേവനമനുഷ്ഠിച്ചു.
1980ൽ സ്കൂൾ മാനേജർ സ്ഥാനം മകൻ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ടിന് കൈമാറി. നിർധനരായ വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്ന കാര്യത്തിൽ അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണ് കിക്കിസേട്ട് എന്ന് മകൻ ബാബുസേട്ട് ഓർക്കുന്നു.
അപേക്ഷ ക്ഷണിച്ചും കേട്ടറിഞ്ഞുപോലും പഠനമികവ് പുലർത്തുന്ന കുട്ടികൾക്ക് മണിയോർഡറായും മറ്റും പണം എത്തിച്ചിരുന്നു. എറണാകുളം മുസ്ലിം വിമൻസ് അസോസിയേഷന് കീഴിലെ വനിത ഹോസ്റ്റൽ, വനിത യതീംഖാന എന്നിയവയുടെ പ്രാരംഭത്തിൽ മുന്നിൽ പ്രവർത്തിച്ചു. പ്രധാനമന്ത്രി ഇന്ദിരഗാന്ധി ഇവിടം സന്ദർശിച്ചിട്ടുണ്ട്.
കൊച്ചി നഗരസഭ വൈസ് ചെയർമാൻ, കേരള വഖഫ് ബോർഡ് അംഗം, ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഡയറക്ടർ ബോർഡ് അംഗം, എറണാകുളം സെൻട്രൽ ജമാഅത്ത് പ്രസിഡന്റ്, ജെ.ഡി.ടി ഇസ്ലാം യതീംഖാന, തിരൂരങ്ങാടി യതീംഖാന എന്നിവിടങ്ങളിലെ കമ്മിറ്റി അംഗം, കച്ചി മേമൻ ജമാഅത്ത് പ്രസിഡന്റ്, കെ.എം.ഇ.എ ട്രഷറർ, എം.ഇ.എസ് ആജീവനാന്ത അംഗം, എസ്.എസ്.എം പോളിടെക്നിക് ഗവേണിങ് ബോഡി അംഗം,
കൊച്ചിൻ ഓർഫനേജ് ട്രസ്റ്റ്, ഇഖ്ബാൽ ലൈബ്രറി എന്നിവയുടെ സ്ഥാപക അംഗം എന്നീ നിലകളിലെല്ലാം സ്തുത്യർഹ സേവനം അനുഷ്ഠിച്ചു. 1983 മേയ് എട്ടിന് അദ്ദേഹത്തിന്റെ മരണം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നതായി മകൻ ബാബു സേട്ട് ഓർക്കുന്നു.തന്റെ മരണം മുന്നിൽ കാണുകയും എല്ലാവരോടും യാത്രപറഞ്ഞതിനൊപ്പം ഉച്ചത്തിൽ വിശുദ്ധവചനം ഉച്ചരിച്ച് ഈലോകത്തോട് വിടപറയുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.