കെ.കെ.ലതിക ചെയ്തത് തെറ്റെന്ന് കെ.കെ.ശൈലജ; 'കാഫിർ സ്ക്രീൻ ഷോട്ട്' നിർമിച്ചവർ ആരാണെങ്കിലും പിടിക്കപ്പെടണം

കണ്ണൂർ: ഷാഫി പറമ്പിൽ എം.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പുറത്തുവന്ന വിവാദ കാഫിർ സ്ക്രീൻ ഷോട്ട് ​സി.പി.എം നേതാവ് കെ.കെ. ലതിക സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത് ശരിയായില്ലെന്നും അക്കാര്യം അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നതായും മുൻമന്ത്രിയും വടകര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായിരുന്ന കെ.കെ. ശൈലജ.

സ്ക്രീൻ ഷോട്ട് എന്തിന് ഷെയർ ചെയ്തുവെന്ന് ചോദിച്ചപ്പോൾ ‘ഇങ്ങനെയെല്ലാം നടക്കുന്നുണ്ടെന്ന് പൊതുജനം അറിയണ്ടേ’ എന്നാണ് അന്ന് ​ലതിക എന്നോട് പറഞ്ഞത്. കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും ഒപ്പം തനിക്കെതിരെ നടത്തിയ മറ്റ് ആരോപണങ്ങൾ സൃഷ്ടിച്ചവരും ശിക്ഷിക്കപ്പെടണമെന്നും കെ.കെ. ശൈലജ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

യഥാർഥ ഇടതുപക്ഷക്കാർ ഇങ്ങനെയൊന്നും ചെയ്യില്ല. കാഫിർ സ്ക്രീൻ ഷോട്ട് സംബന്ധിച്ച് പൊലീസ് ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ഞാൻ കണ്ടിട്ടില്ല. ഇടത് പക്ഷം എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ചില കേന്ദ്രങ്ങളിൽ ഇടതുപക്ഷത്തിനെതിരെ തെറ്റായ പ്രചാരണങ്ങൾ വന്നിട്ടുണ്ട്. ഇക്കാര്യം സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ നേരത്തേ പറഞ്ഞതാണ്.

സുന്നി നേതാവ് കാന്തപുരം അബൂബക്കർ മുസ്‍ലിയാരുടെ വ്യാജ ലെറ്റർപാഡിൽ അദ്ദേഹം തനിക്കെതിരെ പറഞ്ഞുവെന്ന തരത്തിൽ വ്യാജ പ്രചാരണം വന്നിരുന്നു. കുടുംബസദസ്സുകളിലാണ് ഇത് പ്രചരിപ്പിച്ചത്. മാതൃഭൂമി പത്രത്തിന്റെ മാതൃക വ്യാജമായി നിർമിച്ച് ലൗജിഹാദ് ഉണ്ടെന്ന് ഞാൻ പറഞ്ഞുവെന്ന തരത്തിലും പ്രചരിപ്പിച്ചു. ഇതിനെതിരെ കേസുണ്ട്. യു.ഡി.എഫ് പ്രവർത്തകർക്കെതിരെയാണ് ആ കേസ്.

ഇക്കൂട്ടത്തിൽ ഏറ്റവും ഒടു​വിൽ വന്നതാണ് കാഫിർ പ്രയോഗം. കാഫിർ സ്ക്രീൻ ഷോട്ടിനു പിന്നിൽ യു.ഡി.എഫ് ആ​ണെന്നാണ് താങ്കൾ ആദ്യം പറഞ്ഞിരുന്നത് എന്ന ചോദ്യത്തിന് ‘യു.ഡി.എഫ് കേന്ദ്രങ്ങൾ നിഷേധിക്കാത്തിടത്തോളം കാലം അവരാണ് പിന്നിലെന്നാണ് ഞാൻ പറഞ്ഞത് എന്നായിരുന്നു മറുപടി​​. അവർ അല്ല എന്ന് പിന്നീട് ചിലയാളുകൾ എന്നെ വിളിച്ചുപറഞ്ഞു. ആരാണ് പിന്നിലെന്ന് പറ​യേണ്ട നിർബന്ധം ഞങ്ങൾക്കില്ല.

അത്തരമൊരു സ്ക്രീൻഷോട്ട് ഷെയർ ചെയ്യേണ്ടായിരുന്നു എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇനി ഷെയർ ചെയ്തതാണോ ഏറ്റവും വലിയ അപരാധം. അ​തോ സ്ക്രീൻ ഷോട്ട് നിർമിച്ചതാണോ. നിർമിച്ചത് ആരാണ് എന്നതിനെ കുറിച്ച് അന്വേഷണം നടക്കട്ടെ.

കാഫിർ മാത്രമല്ല മാധ്യമങ്ങൾ അന്വേഷിക്കേണ്ടത്. തനിക്കെതിരെ വന്ന മറ്റ് ആരോപണങ്ങളും അന്വേഷിച്ച് പിന്നിൽ പ്രവർത്തിച്ചവർക്കെതി​രെ നടപടിയെടുക്കട്ടെയെന്നും കെ.കെ. ശൈലജ ആവർത്തിച്ചു.

Tags:    
News Summary - CPM central committee member KK Shailaja rejected KK Latika in the 'kafir screen shot' controversy.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.