കെ.എം. ബഷീര്‍ കൊലപാതകം: ശ്രീറാം നാളെ കോടതിയിൽ ഹാജരാകണം

തിരുവനന്തപുരം: സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ നാളെ തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷന്‍സ് കോടതിയിൽ ഹാജരാകണം. തനിക്കെതിരായ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാൻ സമയം തേടിയതിനെത്തുടർന്ന് കോടതി ശ്രീറാമിന് സമയം അനുവദിച്ചിരുന്നു.

നാളെ കോടതിയിൽ ഹാജരായി വാദം ബോധിപ്പിക്കാനും കഴിഞ്ഞ ജൂൺ ആറിന് കേസ് പരിഗണിച്ചപ്പോൾ കോടതി ഉത്തരവായി. കേസ് വൈകിപ്പിക്കുന്നതിനായി ശ്രീറാം മൂന്ന് തവണയാണ് വാദം ബോധിപ്പിക്കാന്‍ സമയം തേടിയത്. കഴിഞ്ഞ ജൂൺ ആറിനും മാര്‍ച്ച് 30നും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11നും കേസ് പരിഗണിച്ചപ്പോഴയിരുന്നു പ്രതി സമയം തേടിയത്. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി അനിൽകുമാറാണ് കേസ് പരിഗണിക്കുന്നത്.

2023 ഓഗസ്റ്റ് 25 നാണ് കേസില്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി ശ്രീറാം വെങ്കിട്ടരാമന്റെ റിവിഷന്‍ ഹരജി തിരസ്‌കരിച്ചത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. 2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ച് കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്.

Tags:    
News Summary - K.M. Basheer murder: Sriram to appear in court tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.