കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീണ്ടും ആവർത്തിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വി.വി.ഐ.പി ജയിലിലെത്തിയെന്ന് കെ.എം. ഷാജി പറഞ്ഞു. പേരാമ്പ്രയിലെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് ഷാജി ആരോപണം ആവർത്തിച്ചത്.
പി.കെ. കുഞ്ഞനന്തന് ഭക്ഷ്യവിഷബാധ ഏൽക്കുന്നതിന് ആഴ്ചക്ക് മുമ്പ് ജയിലിൽ ഒരു വി.വി.ഐ.പി സന്ദർശനം നടത്തി. ആ വി.വി.ഐ.പി ആരാണെന്ന് പിന്നീട് വ്യക്തമാക്കും. സി.പി.എം പ്രതിക്കൂട്ടിലായ പല കേസുകളിലെയും പ്രതികൾ ആത്മഹത്യ ചെയ്യുന്നതിൽ ദുരൂഹതയുണ്ട് –കെ.എം. ഷാജി പറഞ്ഞു. പേരാമ്പ്രയിലെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു കെ.എം. ഷാജിയുടെ വിമർശനം.
ടി.പി കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായ കുഞ്ഞനന്തൻ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്നാണ് കെ.എം. ഷാജി നേരത്തെ പറഞ്ഞിരുന്നത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലുമെന്നും ഷാജി പറഞ്ഞിരുന്നു. ഇതേതുടർന്ന്, അച്ഛന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്നും അൾസർ മൂര്‍ച്ഛിച്ചാണ് അച്ഛൻ മരിച്ചതെന്നും വ്യക്തമാക്കി കുഞ്ഞനന്തന്റെ മകള്‍ ഷബ്ന മനോഹരൻ രംഗത്തുവന്നിരുന്നു.
കുഞ്ഞനന്തന് മനപ്പൂർവം ചികിത്സ വൈകിപ്പിച്ചത് യു.ഡി.എഫ് സര്‍ക്കാറാണെന്നും അതിനാലാണ് അള്‍സര്‍ ഗുരുതരമായതെന്നും കുഞ്ഞനന്തനെ യു.ഡി.എഫ് കൊന്നതാണെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നുവെന്നും മകൾ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.