കൊച്ചി: വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന കേസിൽ അയോഗ്യനാക്കിയ വിധിക്കെതിരെ അഴീക്കോട് മുൻ എം.എൽ.എയും മുസ് ലിം യൂത്ത് ലീഗ് നേതാവുമായ കെ.എം. ഷാജി ഹൈകോടതിയിൽ ഹരജി നൽകി. ആറു വർഷത്തേക്ക് അയോഗ്യനാക്കിയ കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി വിധി പുറപ്പെടുവിച്ച ജസ്റ്റിസ് പി.ഡി രാജന്‍റെ ബെഞ്ചിൽ തന്നെയാണ് ഹരജി നൽകിയത്. ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും.
വിധിക്കെതിരെ തന്‍റെ വാദങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാൻ ഇരിക്കുകയാണ്. ഉടൻ തന്നെ മേൽകോടതിയിൽ ഹരജി സമർപ്പിക്കും. കോടതി ഉത്തരവ് നടപ്പായാൽ തന്‍റെ നിയമസഭാ മണ്ഡലത്തിൽ പ്രതിനിധി ഇല്ലാതാകും. ഈ സാഹചര്യം സംജാതമാകുന്നത് ഒഴിവാക്കാൻ താൽകാലിക സ്റ്റേ അനുവദിക്കണമെന്നും ഹരജിയിൽ ഷാജി ചൂണ്ടിക്കാട്ടുന്നു.
വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് സ്ഥാനാർഥി എം.വി നികേഷ് കുമാർ നൽകിയ തെരഞ്ഞെടുപ്പ് ചട്ടലംഘന കേസിലാണ് കെ.എം. ഷാജിയെ ആറു വർഷത്തേക്ക് ഹൈകോടതി അയോഗ്യനാക്കിയത്. കൂടാതെ, കേസ് നടത്തിപ്പ് ചെലവായി 50,000 രൂപ നികേഷിന് നൽകാനും ജസ്റ്റിസ് പി.ഡി രാജൻ ഉത്തരവിട്ടിരുന്നു.
എന്നാൽ, യു.ഡി.എഫ് സ്ഥാനാർഥിയെ അയോഗ്യനാക്കിയെങ്കിലും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്‍റെ ആവശ്യം ഹൈകോടതി അംഗീകരിച്ചില്ല. വിധിയിൽ തുടർനടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷനും സ്പീക്കർക്കും ഹൈകോടതി നിർദേശം നൽകിയിട്ടുണ്ട്.
2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി നികേഷ് കുമാറിനെ 2287 വോട്ടിനാണ് കെ.എം ഷാജി പരാജയപ്പെടുത്തിയത്. കെ.എം ഷാജിക്ക് 63082 വോട്ടും നികേഷിന് 60795 വോട്ടും ലഭിച്ചു. എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി നേതാവുമായ അഡ്വ. എ.വി കേശവന്‍ മൂന്നാം സ്ഥാനത്തെത്തി.
രണ്ടാം തവണയാണ് അഴീക്കോട് മണ്ഡലത്തിൽ നിന്ന് കെ.എം ഷാജി വിജയിച്ചത്. 2011ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം. പ്രകാശൻ മാസ്റ്ററെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.