അബ്ദുസമദ് പൂക്കോട്ടൂരിന് മറുപടിയുമായി കെ.എം ഷാജി; മതനേതാക്കൾ കമ്യൂണിസം വിശദീകരിക്കണ്ട, വിവാദമായപ്പോൾ തിരുത്തി

സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരി​ന്‍റെ കമ്യൂണിസ്റ്റ് പ്രസംഗത്തിന് മറുപടിയുമായി മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. രൂക്ഷമായ പ്രതികരണം വിവാദമായപ്പോൾ പൂക്കോട്ടിരിനെ ഉദ്ദേശിച്ചല്ല അങ്ങനെ പ്രതികരിച്ചതെന്ന വിശദീകരണവുമായും ഷാജി രംഗത്തെത്തി. മതനേതാക്കൾ കമ്മ്യൂണിസം വിശദീകരിക്കേണ്ടെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയുടെ പ്രതികരണം. കമ്മ്യൂണിസം എന്താണെന്ന് കോടിയേരി പറയും.

ചില ആളുകൾ കമ്മ്യൂണിസത്തെ വെള്ളപൂശുകയാണെന്നും ഷാജി പറഞ്ഞു. ''വേറെ ചില ആൾക്കാർ ഇപ്പൊ ഇറങ്ങിയിട്ടുണ്ട്. സി.പി.എമ്മിനെ വെള്ളപൂശലാണ് പണി. മതനേതാക്കൾ കമ്മ്യൂണിസം വിശദീകരിക്കണ്ട. കമ്മ്യൂണിസ്റ്റുകാര് മതവും വിശദീകരിക്കേണ്ട. കോടിയേരി തന്നെ ഇക്കാര്യം കൃത്യവും വ്യക്തവുമായി പറഞ്ഞിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മെമ്പർഷിപ്പെടുക്കുന്നവൻ മതാചാരങ്ങളുടെ പരിസരത്ത് നിന്ന് മാറണം. അപ്പൊ നമ്മുടെ ചില ആളുകൾ പറയുകയാണ് അങ്ങനെയല്ല ഇങ്ങനെ.....''-ഷാജി പറഞ്ഞു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നവരെല്ലാം മതനിഷേധികളല്ലെന്നും പല കാരണങ്ങൾകൊണ്ടും വിശ്വാസികളായ ആളുകൾ കേരളത്തിൽ സി.പി.എമ്മുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് സൂചിപ്പിച്ചായിരുന്നു ഷാജിയുടെ മറുപടി. എന്നാൽ, വിഷയം വിവാദമായപ്പോൾ തിരുത്തും വന്നു. പു​ക്കോട്ടൂരിനോട് അഭിപ്രായവ്യത്യാസം ഉ​​ണ്ടെങ്കിൽ അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് ഷാജി പറഞ്ഞു.

'നിലപാടുകളിൽ കൃത്യതയും വ്യക്തതയുമുള്ള സമുദായ നേതാക്കളിൽ ഒരാളാണ് അബ്ദുസമദ് പൂക്കോട്ടൂർ.

ഏത് വിഷയത്തെക്കുറിച്ചും പ്രഭാഷണം നടത്തുന്നതിന് മുമ്പ് നന്നായി ഗൃഹപാഠം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതൻ. അദ്ദേഹത്തി​ന്‍റെ അഭിപ്രായങ്ങളോട് വിയോജിപ്പുകളുണ്ടെങ്കിൽ അത് നേരിട്ട് പറയാനുള്ള സ്വാതന്ത്ര്യം പരസ്പരം കാത്തു സൂക്ഷിക്കുന്ന നല്ല സൗഹൃദവുമുണ്ട് ഞങ്ങൾ തമ്മിൽ. അല്ലെങ്കിലും വീട്ടുകാരോടും കൂട്ടുകാരോടുമുള്ള യോജിപ്പും വിയോജിപ്പും ആരും അങ്ങാടിയിൽ പോയി പ്രസംഗിക്കാറില്ല.

എ​ന്‍റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അബ്ദുസമദ് പൂക്കോട്ടൂരിന് മറുപടിയാണെന്ന് വരുത്തി തീർക്കാനുള്ള വാർത്തകൾ സമുദായത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കാനാണ് എന്ന് ആർക്കാണ് അറിയാത്തത്.

സമുദായ ഐക്യം തകർക്കുന്ന ഒരു കുറിയിൽ നറുക്കെടുക്കാൻ എന്തായാലും എനിക്ക് താൽപര്യമില്ല എന്ന് വാർത്തക്ക് പിന്നിലുള്ളവരെ അറിയിക്കുന്നു' -ഷാജി പറഞ്ഞു.

Tags:    
News Summary - KM Shaji in reply to Abdul Samad Pookottur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.