തൃശൂർ: കൊടകര കുഴൽപണ കവർച്ചയും പ്രതികൾ പണം വീതംവെച്ച രീതിയും പുനരാവിഷ്കരിച്ച് അന്വേഷണത്തിെൻറ രണ്ടാംഘട്ടത്തിന് തുടക്കം. കേസിലെ ഒമ്പതാം പ്രതി ബാബു, ഭാര്യ, പതിനൊന്നാം പ്രതി ഷുക്കൂർ എന്നിവരെ വീണ്ടും ചോദ്യം ചെയ്തു. തട്ടിയെടുത്ത പണത്തിെൻറ വീതംവെപ്പ് നടന്ന വീടിെൻറ ഉടമയാണ് ബാബു. തൃശൂർ പൊലീസ് ക്ലബിലായിരുന്നു തെളിവെടുപ്പ്.
വാഹനം തട്ടിക്കൊണ്ടുപോയത് മുതൽ പണം വീതം വെച്ചത് വരെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. ഏപ്രിൽ മൂന്നിന് പുലർച്ച പണം കൊണ്ടുപോയ കാർ തട്ടിയെടുത്ത സംഘം കാറുമായി ബാബുവിെൻറ വീട്ടിലാണ് എത്തിയത്. ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരിലെ വീട്ടിലെത്തിയാണ് ബാബു നൽകിയ കമ്പിപ്പാരയും വെട്ടുകത്തിയും ഉപയോഗിച്ച് വാഹനത്തിെൻറ രഹസ്യ അറ കുത്തിപ്പൊളിച്ച് മൂന്നേകാൽ കോടി രൂപ കൈവശപ്പെടുത്തിയത്.
കവർച്ചക്ക് നേതൃത്വം നൽകിയ ഒന്നാം പ്രതി മുഹമ്മദലി രണ്ടുകോടിയും മൂന്നാം പ്രതി രഞ്ജിത്ത് ഒന്നര കോടിയും എടുത്തു. രഞ്ജിത്ത് അവിടെ വെച്ചുതന്നെ സംഘാംഗങ്ങൾക്ക് പണം വീതിച്ച് നൽകി. ബാബുവിന് 10 ലക്ഷമാണ് ലഭിച്ചത്. പണം വീതം വെക്കുന്നതിടെ വിഹിതം കുറഞ്ഞുവെന്ന് പറഞ്ഞ് മുഹമ്മദലിയും രഞ്ജിത്തും തമ്മിൽ തർക്കമുണ്ടായി. ഇത് ഉന്തും തള്ളും വരെയെത്തി. ഇതിനിടയിൽ മുഹമ്മദലി അറിയാതെ രണ്ട് കോടിയിൽനിന്ന് 23 ലക്ഷം രൂപ ബാബു എടുത്തു.
സന്ദർഭങ്ങളും സംഭവങ്ങളും ബാബുവിൽനിന്ന് ഒന്നിലേറെ തവണ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചെലവിന് കർണാടകത്തിൽനിന്ന് എത്തിച്ച പണമാണ് കൊടകരയിൽ കവർന്നതെന്നാണ് പൊലീസ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.