ന്യൂഡൽഹി: ബി.ജെ.പി നേതാക്കൾ സാക്ഷികളായ കൊടകര കുഴൽപണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും കേരള പൊലീസിന്റെയും ഉരുണ്ടുകളി തുടരുന്നു. കേരള പൊലീസിൽനിന്ന് ബന്ധപ്പെട്ട രേഖകൾ പലവട്ടം ആവശ്യപ്പെട്ടതാണെങ്കിലും വിശദാംശങ്ങൾ ഇനിയും കൈമാറിയിട്ടില്ലെന്നും മറുപടിക്ക് കാത്തിരിക്കുകയാണെന്നും കേന്ദ്രസർക്കാർ ലോക്സഭയിൽ വിശദീകരിച്ചു.
കോടിക്കണക്കിന് രൂപയുടെ ഈ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസന്വേഷണം ഇഴയുന്നതിനെക്കുറിച്ച ഹൈബി ഈഡന്റെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി പങ്കജ് ചൗധരിയാണ് ഈ മറുപടി നൽകിയത്. കേന്ദ്രസർക്കാറിൽനിന്നുള്ള സമ്മർദംമൂലം ഇ.ഡിയുടെ അന്വേഷണം മന്ദഗതിയിലാണെന്നും ബി.ജെ.പി-സി.പി.എം ഒത്തുകളിയുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.
കർണാടകയിൽനിന്ന് എത്തിച്ച മൂന്നര കോടി രൂപ കൊടകരയിൽ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്ത സംഭവം 2021 ഏപ്രിൽ മൂന്നിന് പുലർച്ചയാണ് നടന്നത്. പണം തട്ടിയെടുത്ത സംഘത്തിലെ സ്ത്രീകളടക്കം 22 പേരെ കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു കോടിയോളം രൂപ കണ്ടെത്തുകയും ചെയ്തു.
എന്നാൽ, പണത്തിന്റെ ഉറവിടം, ആർക്കുവേണ്ടിയാണ് പണം കൊണ്ടുപോയത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ഉണ്ടായില്ല. പണം ബി.ജെ.പി കേരളത്തിലെ തെരഞ്ഞെടുപ്പിന് ചെലവഴിക്കാൻ കൊണ്ടുവന്നതാണെന്നാണ് പൊലീസിന്റെ നിഗമനം. കർണാടകയിൽനിന്ന് എത്തിച്ച ബി.ജെ.പി ഫണ്ടിൽനിന്നാണ് കവർച്ച നടന്നതെന്ന, പരാതിക്കാരനും ആർ.എസ്.എസുകാരനുമായ ധർമരാജന്റെ മൊഴിയിലാണ് അന്വേഷണം തുടങ്ങിയത്. കേരള പൊലീസിന്റെ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മകനുമടക്കം രണ്ടു ഡസൻ നേതാക്കൾ സാക്ഷികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.