കൊച്ചി: സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്ന് കൊടകരയിൽ കുഴൽപണം തട്ടിയെടുത്ത കേസിലെ പ്രതികളുടെ ജാമ്യഹരജികൾ ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. സുജീഷ്, ദീപ്തി, അഭിയെന്ന അഭിജിത്ത്, അരീഷ്, അബ്ദുൽ ഷാഹിദ് എന്നീ പ്രതികളുടെ ഹരജികളാണ് മാറ്റിയത്.
ഹരജി പരിഗണിക്കവേ അഡീഷനൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കൂടുതൽ സമയം തേടിയപ്പോൾ ജസ്റ്റിസ് കെ. ഹരിപാൽ അനുവദിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പിന് ചെലവിടാൻ കർണാടകയിലെ ബി.ജെ.പി ഘടകം കൊടുത്തുവിട്ടതെന്ന് ആരോപിക്കപ്പെടുന്ന 3.5 കോടി രൂപ തൃശൂരിലെ കൊടകരയിൽ ഏപ്രിൽ മൂന്നിന് പ്രതികളടങ്ങുന്ന സംഘം കാർ തടഞ്ഞുനിർത്തി കവർന്നെന്നാണ് കേസ്. കാറിൽനിന്ന് 25 ലക്ഷം നഷ്ടപ്പെട്ടെന്നാണ് കാറുടമ ധർമജൻ പൊലീസിനെ അറിയിച്ചത്. അന്വേഷണത്തിൽ കോടികൾ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
പണത്തിെൻറ ഉറവിടം കണ്ടെത്താൻ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ വാദം.
ഇ.ഡിക്കെതിരായ കേസ് കോടതി മാറ്റി
കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരായ കേസ് കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. സുപ്രീംകോടതിയിൽ ഇ.ഡി പ്രത്യേകാനുമതി ഹരജി നൽകിയ സാഹചര്യത്തിലാണ് നടപടി. ഇ.ഡിക്കെതിരെ അന്വേഷണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ചും അപ്പീൽ നൽകിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.